മമ്മൂട്ടിക്കും മോഹന്‍ലാലിനും ക്ലാസിക്കുകള്‍ സമ്മാനിച്ച നിര്‍മാതാവ്; ഗാന്ധിമതി ബാലന്‍ ഓര്‍മ
1983 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല് ഗാന്ധിമതി ഫിലിംസിന്റെ ബാനറിലാണ് പുറത്തിറക്കിയത്
മലയാളത്തിനു ക്ലാസിക് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ഇന്ന് അന്തരിച്ച ഗാന്ധിമതി ബാലന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ നിര്‍ണായകമായ പല സിനിമകളും ഗാന്ധിമതി ബാലന്‍ നിര്‍മിച്ചവയാണ്.
വാണിജ്യ വിജയം മാത്രം ലക്ഷ്യമിട്ടല്ല ഗാന്ധിമതി ബാലന്‍ സിനിമകള്‍ നിര്‍മിച്ചത്. തന്റെ സിനിമകള്‍ മലയാളി എക്കാലത്തും ഓര്‍ത്തുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന ശാഠ്യം ബാലനുണ്ടായിരുന്നു. 1982 ല്‍ പുറത്തിറങ്ങിയ 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്നീ ചിത്രത്തിലൂടെയാണ് ഗാന്ധിമതി ബാലന്റെ അരങ്ങേറ്റം. ബാലചന്ദ്ര മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
1983 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല് ഗാന്ധിമതി ഫിലിംസിന്റെ ബാനറിലാണ് പുറത്തിറക്കിയത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ ഗാന്ധിമതി ബാലനാണ് നിര്‍മിച്ചത്. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം, വേണു നാഗവള്ളി ചിത്രം സുഖമോ ദേവി, പത്മരാജന്‍ ചിത്രം മൂന്നാം പക്കം എന്നിവയും ഗാന്ധിമതി ബാലന്‍ നിര്‍മിച്ചു. പത്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഈ തണുത്ത വെളുപ്പാന്‍കാലത്താണ് അവസാന ചിത്രം. പത്മരാജന്റെ അകാല വിയോഗത്തിനു ശേഷം ഗാന്ധിമതി ബാലന്‍ പിന്നീട് സിനിമ നിര്‍മിച്ചിട്ടില്ല.