അശ്ലീല വീഡിയോ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പോണ്‍ വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. രാജ് കുന്ദ്ര തന്നെയാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍.
യുകെ ആസ്ഥാനമായ കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. വീഡിയോ പ്രൊഡക്ഷന്‍, ടെലിവിഷന്‍ പ്രൊഗ്രാമിങ് എന്നിവയാണ് ഈ പ്രൊഡക്ഷന്‍ ഹൗസ് ചെയ്യുന്നത്. രാജ് കുന്ദ്ര ഇവരില്‍ നിന്ന് സഹായം തേടിയതായാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.
അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത ശേഷം യുകെയിലുടെ കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എഡിറ്റിങ്ങിന് ശേഷം പോണ്‍ സിനിമകള്‍ ഹോട്ട് ഷോട്ട് എന്ന അപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്യും.
പോണ്‍ സിനിമകളുടെ ലാഭ വിവരങ്ങളെ കുറിച്ച് രാജ് കുന്ദ്ര വാട്‌സ്ആപ്പില്‍ നടത്തിയ ചാറ്റ് വിവരങ്ങളും പുറത്തായി. മാര്‍ക്കറ്റിങ് സ്ട്രാറ്റജി, കച്ചവടം കൂടുതല്‍ വ്യാപിപ്പിക്കല്‍, വരുമാന മാര്‍ഗം എന്നിവയെ കുറിച്ചെല്ലാമാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. ഒക്ടോബര്‍ 20 ലെ ഒരു മെസേജില്‍ പോണ്‍ വീഡിയോ വഴിയുള്ള കച്ചവടത്തെ കുറിച്ച് സംസാരിക്കുന്ന ഭാഗമുണ്ട്. ' ഇന്നലെ ആകെ നടന്ന കച്ചവടം 2,69,914 രൂപ, ലൈവ് വഴിയുള്ള വരുമാനം 2,23,375, ആകെ രജിസ്‌ട്രേഷന്‍-19,39,699, ഇന്നലെ നടന്ന രജിസ്‌ട്രേഷന്‍-5,095,' എന്നാണ് ആ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. ഇതിനിടെ വരുമാനം കുറവാണല്ലോ എന്ന് രാജ് കുന്ദ്ര പറയുന്നതും പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടില്‍ ഉണ്ട്.
പോണ്‍ വീഡിയോ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ്. 'H' എന്ന പേരുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. രാജ് കുന്ദ്രയാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. പെണ്‍കുട്ടികളെയും സ്ത്രീകളെയും എങ്ങനെ വലയിലാക്കണം, സ്ത്രീകളെ എങ്ങനെ വശീകരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചര്‍ച്ച ചെയ്തിരുന്നത്. തങ്ങള്‍ നിര്‍മിക്കുന്ന പോണ്‍ വീഡിയോക്ക് എങ്ങനെ വ്യൂവേഴ്‌സ് കൂട്ടണമെന്ന ചര്‍ച്ചയും രാജ് കുന്ദ്ര അടക്കമുള്ള ഈ ഗ്രൂപ്പില്‍ നടത്തിയിരുന്നു. അഞ്ച് പേരാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്.
ഇന്നലെ രാത്രിയാണ് സൂപ്പര്‍താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതില്‍ പ്രധാന കണ്ണി രാജ് കുന്ദ്രയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അശ്ലീല സിനിമകള്‍ നിര്‍മിക്കുകയും ചില ആപ്പുകള്‍ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്ദ്രക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ രാജ് കുന്ദ്ര ശ്രമിച്ചെന്നാണ് ആരോപണം.