Rashmika Mandana: ആണുങ്ങള്‍ക്കും ആര്‍ത്തവം വരണമെന്ന് രശ്മിക; പുരുഷവിരോധിയെന്ന് വിമര്‍ശനം, സംഭവിച്ചത്
ജഗപതി ബാബു അവതാരകനായ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രശ്മികയുടെ പ്രസ്താവന.
അഭിമുഖങ്ങള്‍ക്കും ഷോകളിലും പോകാന്‍ ഭയമാണെന്ന് നടി രശ്മിക മന്ദാന. ആർത്തവവുമായി ബന്ധപ്പെട്ട് രശ്‌മിക നടത്തിയ ഒരു പ്രസ്താവന വിവാദമായതോടെയാണ് രശ്മികയുടെ പ്രതികരണം. ഈയ്യടുത്ത് ജഗപതി ബാബു അവതാരകനായ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രശ്മികയുടെ പ്രസ്താവന.
സ്ത്രീകള്‍ കടന്നു പോകുന്ന അവസ്ഥ മനസിലാക്കാന്‍ ഒരിക്കലെങ്കിലും പുരുഷന്മാര്‍ക്ക് ആര്‍ത്തവം വരണമെന്നാണ് രശ്മിക പറഞ്ഞത്. രശ്മികയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറി. താരം പറഞ്ഞതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാതെ പലരും വിമര്‍ശനവുമായെത്തിയിരുന്നു. രശ്മികയ്ക്ക് പുരുഷന്മാരോട് വിരോധമാണെന്ന് വരെ ആരോപിക്കപ്പെട്ടു.
''പുരുഷന്മാരുടെ ആര്‍ത്തവത്തെക്കുറിച്ച് രശ്മിക പറഞ്ഞത്. പലപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ വേദനയും വികാരങ്ങളും മനസിലാക്കുക എന്നത് മാത്രമാണ്. അതല്ലാതെ പുരുഷന്മാരുടെ ഉത്തരവാദിത്തങ്ങളെ മോശമാക്കാനോ താരതമ്യം ചെയ്യാനോ ആയിരുന്നില്ല ലക്ഷ്യം. എന്നാല്‍ ചില ഈഗോയിസ്റ്റുകള്‍ ആ വാക്കുകള്‍ വളച്ചൊടിച്ചു'' എന്ന ത്വയ്റ്റ് പങ്കുവച്ചു കൊണ്ട് രശ്‌മിക നടത്തിയ പ്രതികരണം ചർച്ചയാകുന്നു.
''ഇതുകൊണ്ടാണ് ആരും സംസാരിക്കാത്തത്. ഇതുകൊണ്ടാണ് ഞാന്‍ ഷോകള്‍ക്കും അഭിമുഖങ്ങള്‍ക്കും പോകാന്‍ ഭയക്കുന്നത്. ഞാന്‍ ഒന്ന് ഉദ്ദേശിക്കും. പക്ഷെ തീര്‍ത്തും വ്യത്യസ്തമായൊന്നാകും മനസിലാക്കുക'' എന്നാണ് രശ്മിക പറഞ്ഞത്. താരത്തിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.
''പുരുഷന്മാര്‍ക്കും ഒരിക്കലെങ്കിലും ആര്‍ത്തവം വരണം. ആ വേദനയും ട്രോമയും മനസിലാക്കാന്‍. ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് കാരണം മനസിലാക്കാന്‍ പോലും പറ്റാത്ത വികാരങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. ആ സമ്മര്‍ദ്ധം പുരുഷന്മാര്‍ക്ക് എത്ര വിശദമാക്കി കൊടുത്താലും അവര്‍ക്കത് മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒരിക്കലെങ്കിലും പുരുഷന്മാര്‍ക്കും ആര്‍ത്തവം വന്നാല്‍ അവര്‍ എന്താണ് ആര്‍ത്തവകാലത്തെ വേദനയെന്ന് മനസിലാക്കും'' എന്നായിരുന്നു രശ്മിക പറഞ്ഞത്.