കാന്താരയുടെ രണ്ടാം വരവും കയ്യടി നേടുകയാണ്. കേരളമടക്കം റിലീസ് ചെയ്ത ഇടങ്ങളിലൊക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ പ്രകടനവും സംവിധാനവുമെല്ലാം പ്രശംസിക്കപ്പെടുന്നുണ്ട്. ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം കാന്താര ചാപ്റ്റർ 1 തിരുത്തിക്കുറിക്കുമെന്നാണ് ആദ്യ ദിവസത്തെ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
കാന്താര ചാപ്റ്റർ 1 ൽ നായികയായി എത്തുന്നത് രുക്മിണി വസന്താണ്. സമീപകാലത്തായി തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയ പേരുകളിലൊന്നാണ് രുക്മിണി വസന്തിന്റേത്. കന്നഡയിലൂടെ ശ്രദ്ധിക്കപ്പെട്ട രുക്മിണി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം മുൻനിര നായികയായി.
കേരളത്തിലും ആരാധകരുണ്ട് രുക്മണിയ്ക്ക്. സപ്തസാഗരദാച്ചേ എല്ലോയിലൂടെയാണ് രുക്മിണി മലയാളി ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാന്താരയിലൂടെ ഒരിക്കൽ കൂടി മലയാളികളുടെ കയ്യടി നേടുകയാണ് രുക്മിണി. വർഷങ്ങൾക്ക് മുൻപ് ഒരു പരസ്യത്തിലൂടെയാണ് മലയാളികൾ രുക്മിണിയെ ആദ്യമായി കാണുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ മലയാളം അനുഭവം രുക്മണി വസന്ത് പങ്കുവെക്കുന്നുണ്ട്.
'മലയാളത്തിൽ വർഷങ്ങൾക്കു മുൻപ് ഞാനൊരു പരസ്യം ചെയ്തിരുന്നു. മലബാർ ഗോൾഡിന്റെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ എന്ന പരസ്യം. ആ സമയത്ത് ഞാൻ അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല. ആ പരസ്യത്തിലെ മുഖം ഞാനായിരുന്നുവെന്ന് പലരും ശ്രദ്ധിച്ചു കാണില്ല. പക്ഷേ, മലയാളി പ്രേക്ഷകർ എന്നും നല്ല കണ്ടന്റിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ്. മികച്ച അഭിനേതാക്കളാൽ സമ്പന്നമാണ് മലയാളം ഇൻഡസ്ട്രി. അതുകൊണ്ട് അവരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിഞ്ഞാൽ തന്നെ വലിയ സന്തോഷം', എന്നാണ് രുക്മിണി പറയുന്നത്.