Kantara Movie Review:ലോക്കല്‍ ഈസ് ഇന്റര്‍നാഷ്ണല്‍,മിത്തും കാടും പ്രകൃതിയും നിറഞ്ഞ മാജിക്, ഇന്ത്യന്‍ സ്‌ക്രീനുകളില്‍ അത്ഭുതം വിതച്ച് കാന്താര: റിവ്യൂ
വില്ലന്‍ വേഷത്തിലെത്തിയ ഗുല്‍ഷന്‍ ദേവയ്യ, കുറഞ്ഞ സ്‌ക്രീന്‍ ടൈം എങ്കിലും രുക്മിണി വസന്ത്, മറ്റ് വേഷങ്ങളിലെത്തിയ ജയറാം, പ്രമോദ് ഷെട്ടി,പ്രകാശ് തുമിനാട് എന്നിവരും തങ്ങളുടേതായ രീതിയില്‍ കഥാപാത്രങ്ങളെ ഭദ്രമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രാദേശികജീവിതങ്ങളെ അവരുടെ വിശ്വാസങ്ങള്‍ പ്രാദേശികമായ അനുഭവങ്ങള്‍ എന്നിവ അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കുന്നതാണ് ഇന്ത്യന്‍ സിനിമയെ ഇന്റര്‍നാഷ്ണലാക്കാനുള്ള ഒരേ ഒരു വഴിയെന്ന് പല സംവിധായകരും പലകുറി പറഞ്ഞ കാര്യമാണ്. ഈ ഫോര്‍മുല പിന്മറ്റി പല സിനിമകളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിലെ പുതിയ പേരുകാരനായിട്ടാണ് റിഷഭ് ഷെട്ടിയുടെ കന്നഡ സിനിമയായ കാന്താരയും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. പ്രാദേശികമായ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളും മിത്തും പ്രകൃതിയും ജീവിതവും മനുഷ്യരുടെ പോരാട്ടവുമെല്ലാമാണ് കാന്താര ചാപ്റ്റര്‍ വണ്ണിന്റെ പ്രധാന ആകര്‍ഷണീയത. ഇതിന്റെയെല്ലാം ആത്മാവ് ചോരാത സ്‌ക്രീനില്‍ എത്തിക്കാനായി എന്നതാണ് കാന്താരയെ ശ്രദ്ധേയമാക്കുന്നത്.
ഗ്രാമവാസികളുടെ നിലനില്‍പ്പിനായുള്ള പോരാട്ടവും തദ്ദേശീയമായ സംസ്‌കാരവുമെല്ലാം വിഷയമാക്കുമ്പോള്‍ അതെല്ലാം ഒട്ടും ചോരാതെ സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകനും നായകനുമായി റിഷഭ് ഷെട്ടിക്ക് സാധിച്ചിട്ടുണ്ട്. അരവിന്ദ് കശ്യപിന്റെ ഛായാഗ്രാഹണവും ബി അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതവും സിനിമയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ പല തമാശരംഗങ്ങളും കൃത്യമായി സിനിമയോട് ചേര്‍ന്ന് നിന്നില്ലെന്ന പോരായ്മയും സിനിമയുടെ പേസിങ്ങിനെ പറ്റിയുള്ള പരാതികളും ഉണ്ടെങ്കില്‍ പോലും സിനിമ പ്രേക്ഷകനെ പിടിച്ച് നിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. ഗുല്‍ഷന്‍ ദേവയ്യ അവതരിപ്പിക്കുന്ന കുലശേഖര രാജാവിനെതിരെ റിഷഭ് ഷെട്ടിയുടെ നേതൃത്വത്തിലുള്ള കാട്ടില്‍ ജീവിക്കുന്ന പ്രാദേശികമനുഷ്യര്‍ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ദേവാരാധന, പ്രകൃതിപൂജ, മിത്തുകള്‍ തുടങ്ങി പ്രാദേശികമായ ഘടകങ്ങളെയെല്ലാം വിദഗ്ധമായി കൂട്ടിച്ചേര്‍ക്കാന്‍ സിനിമയ്ക്കായിട്ടുണ്ട്. അതേസമയം കാന്താരയുടെ ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി വലിയ കാന്‍വാസിലാണ് സിനിമ എത്തിയിരിക്കുന്നത്. പ്രൊഡക്ഷന്‍ വാല്യൂ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതിന് സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍,കൊട്ടാരങ്ങള്‍, യുദ്ധരംഗങ്ങള്‍ എന്നിവയെല്ലാം വിശ്വാസയോഗ്യമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈനിങ്ങിലാണ് സിനിമ കൂടുതല്‍ മികച്ച് നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ തിയേറ്റര്‍ കാഴ്ച സിനിമ ആവശ്യപ്പെടുന്നുണ്ട്. രണ്ടാം പകുതിയിലെ അവസാനഭാഗത്തോട് അടുപ്പിച്ച് വരുന്ന ഭാഗങ്ങള്‍ കഥയുടെ പേസിങ്ങിന് ചടുലത നല്‍കുന്നതിനൊപ്പം പ്രേക്ഷകരെ കൂടെകൂട്ടുന്നതില്‍ വിജയിക്കുന്നു എന്നതാണ് സിനിമയുടെ വലിയ വിജയമായി മാറുന്നത്.
സംവിധായകന്‍, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ 3ഡി പ്ലെയര്‍ എന്ന വിശേഷണം റിഷഭ് ഷെട്ടി അര്‍ഹിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ ഗുല്‍ഷന്‍ ദേവയ്യ, കുറഞ്ഞ സ്‌ക്രീന്‍ ടൈം എങ്കിലും രുക്മിണി വസന്ത്, മറ്റ് വേഷങ്ങളിലെത്തിയ ജയറാം, പ്രമോദ് ഷെട്ടി,പ്രകാശ് തുമിനാട് എന്നിവരും തങ്ങളുടേതായ രീതിയില്‍ കഥാപാത്രങ്ങളെ ഭദ്രമാക്കിയിട്ടുണ്ട്. കാന്താര(2022) നിങ്ങള്‍ക്ക് രോമാഞ്ചം സമ്മാനിച്ചിട്ടുണ്ടെങ്കില്‍ കാന്താര ചാപ്ചര്‍ വണ്‍ നിങ്ങളെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. ഉറപ്പായും ടിക്കറ്റെടുക്കാം.