മലയാള സിനിമ മേഖലയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ മുതിര്‍ന്ന താരങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. സിനിമയുടെ കളക്ഷന്‍ വിവരങ്ങളും പ്രതിഫലകണക്കുകളും പുറത്തുവിടരുതെന്ന് താരങ്ങള്‍ നിര്‍മാതാവ് ജി സുരേഷ് കുമാറിനോട് ഫോണില്‍ ആവശ്യപ്പെട്ടതായാണ് സൂചന. അതേസമയം നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.
സിനിമകളുടെ 100 കോടി ക്ലബ് പ്രചാരണം വിനയാകുമെന്ന ആശങ്കയാണ് നിര്‍മാതാക്കള്‍ പ്രകടിപ്പിക്കുന്നത്. പുറത്തുവരുന്ന കണക്കുകളെ മുന്‍നിര്‍ത്തി ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കമുണ്ടാകാം. നിലവിലെ രീതിയില്‍ താരങ്ങള്‍ പ്രതിഫലം തുടര്‍ന്നാല്‍ സിനിമാ വ്യവസായം തന്നെ തകരും. ഫെബ്രുവരിയിലെ കണക്ക് കൂടി വരുന്നതോടെ ഇതെല്ലാം സമൂഹത്തിനും ബോധ്യപ്പെടും. എന്നാണ് വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ നിലപാട്.