Coolie: കൂലിയിലെ ദാഹ ആകേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; രക്ഷപ്പെട്ട് ഓടിയതാണെന്ന് ആരാധകര്‍
ആമിർ ഖാൻ, നാഗാർജ്ജുന, സൗബിൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി കൈകോര്‍ത്ത സിനിമയാണ് കൂലി. വമ്പൻ ഹൈപ്പിലെത്തിയ സിനിമയ്ക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്ത പടത്തിൽ ആമിർ ഖാൻ, നാഗാർജ്ജുന, സൗബിൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന വില്ലനായപ്പോള്‍ കന്നഡ സൂപ്പര്‍ ഉപേന്ദ്ര അതിഥി വേഷത്തിലെത്തി. മലയാളത്തിന്റെ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കൂലിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഹൈപ്പുകളില്‍ പ്രധാനപ്പെട്ടത് ആമിര്‍ ഖാന്റെ വില്ലന്‍ വേഷമായിരുന്നു.
ആമിർ അവതരിപ്പിച്ച ദാഹ പക്ഷേ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആമിറിനെ അല്ല എന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ ഖാന്‍ അവതരിപ്പിച്ച ദാഹയായി ലോക്കിയുടെ മനസില്‍ ആദ്യമുണ്ടായിരുന്നത് ഷാരൂഖ് ഖാനായിരുന്നു. ബോളിവുഡിന്റെ കിങ് ഖാനെ രജനികാന്തിനെതിരെ കൊണ്ടു നിര്‍ത്താനായിരുന്നു ലോക്കി ആഗ്രഹിച്ചത്.
ഇതിനായി അദ്ദേഹം ഷാരൂഖ് ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ ഈ വേഷം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷാരൂഖ് ഖാന്റെ തീരുമാനത്തെ അനുകൂലിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് മറ്റ് പലരും പറയുന്നത്.