10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരുടെ ഗണത്തിലാണ് തമിഴ് സംവിധായകനായ ശങ്കറിനെ കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാന്‍ തക്ക പല സിനിമകളും സമ്മാനിച്ച സംവിധായകനാണെങ്കിലും ശങ്കര്‍ അവസാനം ചെയ്ത ഇന്ത്യന്‍2, ഗെയിം ചെയ്ഞ്ചര്‍ എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ വമ്പന്‍ പരാജയങ്ങളായിരുന്നു. പരാജയങ്ങളായെന്ന് മാത്രമല്ല സിനിമകള്‍ ഒടിടി റിലീസായതോട് കൂടി വലിയ രീതിയിലുള്ള പരിഹാസവും വിമര്‍ശനവുമാണ് ശങ്കറിന് ലഭിച്ചത്. ശങ്കര്‍ ഔട്ട്‌ഡേറ്റഡായെന്നും ഇനി സിനിമകള്‍ ഹിറ്റാക്കാന്‍ ശങ്കറിനെ കൊണ്ട് സാധിക്കില്ലെന്നും ആരാധകര്‍ വിശ്വസിക്കുന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്.
ഈ വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ ഏറ്റവും പുതിയ സിനിമയായ വേല്‍പാരി പ്രഖ്യാപിച്ചിരിക്കുകയാണ് ശങ്കര്‍. തമിഴ്നാടിന്റെ ഗെയിം ഓഫ് ത്രോണ്‍സും അവതാറുമെല്ലാമാകാനുള്ള സാധ്യത വേല്പാരിക്കുണ്ടെന്ന് ശങ്കര്‍ പറയുന്നു.
എന്റെ ഡ്രീം പ്രൊജക്റ്റ് എന്നത് എന്തിരാനായിരുന്നു. ഇപ്പോഴത് വേല്പാരിയാണ്.ഹോളിവുഡ് സിനിമകളായ അവതാര്‍, ഗെയിം ഓഫ് ത്രോണ്‍സ് എന്നിവ പോലെ സ്വീകാര്യത ലഭിക്കാവുന്ന രീതിയിലുള്ള സബ്ജക്റ്റാണ് വേല്പാരിയുടേത്. ശങ്കര്‍ പറഞ്ഞു. എന്നാല്‍ ശങ്കറിന്റെ ഈ ആത്മവിശ്വാസം സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളായാണ് ആഘോഷിക്കപ്പെടുന്നത്. അടുത്തിടെ ശങ്കര്‍ ചെയ്ത 2 സിനിമകളും 90കളില്‍ നിന്നും വണ്ടികിട്ടാത്ത ആരോ എടുത്ത പോലുള്ള ചിത്രങ്ങളാണെന്നാണ് വിമര്‍ശകര്‍ പറയുന്നു. പുതുമയുടെ പേരില്‍ വിഷ്വല്‍ ഗ്രാമറില്‍ മാത്രമാണ് ശങ്കര്‍ ശ്രദ്ധിക്കുന്നതെന്നും തിരക്കഥയിലും മറ്റും ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ആരാധകര്‍ പറയുന്നു. അതേസമയം മറ്റൊരു നിര്‍മാതാവിനെ കൂടെ പിച്ചച്ചട്ടി എടുപ്പിക്കരുതെന്നും ശങ്കറിന്റെ പാട്ടിന് മാത്രം 60 കോടി വേണമെന്ന അവസ്ഥയില്‍ ആരാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
അതേസമയം തമിഴ് സിനിമയ്ക്ക് എന്തിരനും അന്യനുമെല്ലാം തന്ന സംവിധായകന് തിരിച്ച് വരാന്‍ കഴിയുമെന്നും വേല്പാരിയിലൂടെ അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നവരും കമന്റുകള്‍ക്കിടയിലുണ്ട്.