Pet Detective: എനിക്ക് ഹേറ്റേഴ്സ് ഇല്ലെന്നു വിശ്വസിച്ചോട്ടെ? ഇന്നാണ് ആ ദിനം: ഷറഫുദ്ദീൻ
അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പെറ്റ് ഡിക്ടറ്റീവ്. പ്രനീഷ് വിജയനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നതും. ഒരു പക്കാ ഫൺ ഫാമിലി കോമഡി എന്റർടൈനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമയുടെ ഇതുവരെ പുറത്തിറങ്ങിയ അപ്ഡേറ്റുകൾ നൽകുന്ന സൂചന. ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തുന്ന സിനിമ കാണാൻ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് നടൻ ഷറഫുദ്ദീൻ.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസംമാണ് നാളെയെന്നും ആരാധകർ ഒപ്പം ഉണ്ടാകണമെന്നും നടൻ കുറിച്ചു.
'എല്ലാ പ്രിയപ്പെട്ടവർക്കും, കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഇടവേളകളിൽ കയ്യടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ? ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു.
അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്. The Pet Detective നാളെ റിലീസാവുകയാണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം. എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ. NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!,' ഷറഫുദ്ദീൻ പറഞ്ഞു.