Sivakarthikeyan: 'എന്നെ കുട്ടി ദളപതിയെന്ന് വിളിക്കരുത്': വ്യക്തത വരുത്തി ശിവകാർത്തികേയൻ
വിജയുടെ പിൻഗാമിയാണ് ശിവകാർത്തികേയൻ എന്ന് പറയുന്നവരും ഏറെയാണ്.
വളരെ ചുരുക്കം സമയം കൊണ്ട് തമിഴിലെ സൂപ്പർതാരങ്ങളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ച നടനാണ് ശിവകാർത്തികേയൻ. നടന്റെ സിനിമകൾ തുടർച്ചയായി തിയേറ്ററിൽ വിജയം കണ്ടു. വിജയ്ക്ക് ശേഷം ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ നോക്കികാണുന്ന താരം കൂടിയാണ് ശിവ. വിജയുടെ പിൻഗാമിയാണ് ശിവകാർത്തികേയൻ എന്ന് പറയുന്നവരും ഏറെയാണ്.
ഇതേകുറിച്ച് തന്റെ എറ്റവും പുതിയ ചിത്രം മദ്രാസിയുടെ ട്രെയിലർ ലോഞ്ചിൽ ശിവകാർത്തികേയൻ മനസുതുറന്നിരുന്നു. വിജയ് തനിക്ക് മൂത്ത സഹോദനെപ്പോലെയാണെന്ന് നടൻ പറഞ്ഞു. തന്നെ അടുത്ത വിജയ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ശിവകാർത്തികേയൻ സംസാരിച്ചു.
'ഗോട്ട് എന്ന ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. തന്നെ കുട്ടി ദളപതിയെന്നും ധിടീർ ദളപതിയെന്നും ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശിക്കുകയും ചെയ്‍തു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്‍തിട്ടില്ല. എനിക്ക് അദ്ദേഹം എപ്പോഴും അണ്ണനാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയുമാണ്', ശിവകാർത്തികേയൻ പറഞ്ഞു.
അതേസമയം, മദ്രാസി ആണ് ശിവകാർത്തികേയന്റെ ഇനി റിലീസ് ആകാനുള്ള സിനിമ. സെപ്റ്റംബർ അഞ്ചിനാണ് റിലീസ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്നു. തുപ്പാക്കിയിലൂടെ ശ്രദ്ധേയനായ വിദ്യുത് ജമാലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രുക്മിണി വസന്ത് ചിത്രത്തിൽ നായികയാവുന്നു.