ഉത്തരേന്ത്യയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തെന്നിന്ത്യയില്‍ ബോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. തന്റെ ഈദ് റിലീസായ സിക്കന്ദറിന്റെ പ്രചാരണാര്‍ഥം മുംബൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.
തെന്നിന്ത്യയിലെ നിരവധി സാങ്കേതികപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ സിനിമകള്‍ അവിടെ റിലീസ് ചെയ്യുമ്പോള്‍ വലിയ കളക്ഷന്‍ വരാറില്ല. അവിടെ ഞാന്‍ റോഡില്‍ ഇറങ്ങി നടക്കുകയാണെന്ന് കരുതുക. ആളുകള്‍ എന്നെ തിരിച്ചറിയുകയും പേര് വിളിക്കുകയും അഭിവാദ്യം ചെയ്യുകയുമൊക്കെ ഉണ്ടാവും. എന്നാല്‍ അവരെ തിയേറ്ററുകളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഇവിടെ നന്നായി പോകാറുണ്ട്. എന്നാല്‍ ബോളിവുഡ് സിനിമകള്‍ കാണാന്‍ അവിടെ ആളുകള്‍ വരാറില്ല. സല്‍മാന്‍ ഖാന്‍ പറഞ്ഞു.