വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. ചിത്രത്തിന്‍റെ കണ്ടന്‍റില്‍ സംവിധായകനും മമ്മൂട്ടിക്കും വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ശരിയായിരുന്നു എന്നാണ് സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ബോക്സോഫീസ് പ്രകടനം സൂചിപ്പിക്കുന്നത്.
ആദ്യ ദിനത്തില്‍ മൂന്നരക്കോടി രൂപയോളമാണ് സ്ട്രീറ്റ് ലൈറ്റ്സ് കേരളത്തില്‍ നിന്നുമാത്രം വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ ബജറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ ആദ്യദിനത്തില്‍ തന്നെ നിര്‍മ്മാതാവായ മമ്മൂട്ടിക്ക് ലാഭം നേടിക്കൊടുക്കുന്ന സിനിമയായിരിക്കും ഇത്.
വളരെ കുറഞ്ഞ ചെലവില്‍, വെറും 35 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സ്ട്രീറ്റ് ലൈറ്റ്സിന് മികച്ച ചിത്രമെന്ന അഭിപ്രായം പരന്നതോടെ ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്. ലോംഗ് വീക്കെന്‍ഡ് വന്നതോടെ ചിത്രം ആദ്യ മൂന്നുദിനം കൊണ്ടുതന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് സൂചനകള്‍.
മാസ്റ്റര്‍ പീസ് പോലെ മാസിനെ ആകര്‍ഷിക്കാന്‍ വന്ന ചിത്രമല്ല സ്ട്രീറ്റ് ലൈറ്റ്സ്. വളരെ ഗൌരവമുള്ള, റിയലിസ്റ്റിക്കായ ഒരു ചിത്രമാണിത്. അതുകൊണ്ടുതന്നെ ആദ്യദിനത്തില്‍ ചിത്രം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ഒരു ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യദിനം കഴിഞ്ഞതോടെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെല്ലാം ഹാപ്പിയാണ്.
ഷാംദത്ത് സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലര്‍ പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുമ്പോള്‍ ഈ വര്‍ഷം ആദ്യത്തെ ഹിറ്റ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുകയാണ്.