രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ച് നടി തമന്നയും നടൻ വിജയ് വർമ്മയും. നേരത്തെ തന്നെ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ എത്തിയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങൾ കൂടി ഡിലീറ്റ് ചെയ്തതോടെയാണ് ബ്രേക്ക് അപ് വാർത്തകൾ സത്യമാണെന്ന് ആരാധകർ വിശ്വസിക്കുന്നത്.
തമന്നയും വിജയ് വർമയും വേർപിരിഞ്ഞിട്ട് ആഴ്ചകളായി എന്നാണ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും. താരങ്ങൾ അവരവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് എന്നുമാണ് ഇരുവരുടെയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരുടെയും വേർപിരിയലിന് കാരണം വ്യക്തമല്ല. മാസങ്ങൾക്ക് മുമ്പ് തന്നെ പൊതുവേദികളിൽ ഒരുമിച്ച് എത്തുന്നത് താരങ്ങൾ അവസാനിപ്പിച്ചിരുന്നു. 2023 ൽ ലവ് ലസ്റ്റിൽ ഒന്നിച്ച് അഭിനയിച്ചതോടെയാണ് തമന്നയും വിജയ് വർമയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പ്രണയം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.