എന്തിനാ മോനെ ഇത്രയും നല്ല പേരുള്ളപ്പോൾ മറ്റൊരു പേര്?: 'തുടരും' പേര് മാറ്റാൻ ചെന്ന സംവിധായകനോട് മോഹൻലാൽ
സിനിമയ്ക്ക് തുടരും എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് തരുൺ മൂർത്തി
തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന തുടരും ഏപ്രിൽ 24 ന് റിലീസ് ആകും. ശോഭന ആണ് നായിക. വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയ്ക്ക് തുടരും എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് തരുൺ മൂർത്തി. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
സിനിമയുടെ പേരിന് യൂനീക്നസ് വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. ഒരു സിനിമയുടെ പേരാണ് പ്രേക്ഷകരുടെ മനസ്സിൽ പതിയേണ്ടത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് തുടരും എന്ന ടൈറ്റിൽ കിട്ടുന്നത്. സിനിമയ്ക്ക് വിന്റേജ് എന്നൊരു സജഷനും ലഭിച്ചിരുന്നു. അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ എന്ന ചിന്ത മൂലമാണ് ആ പേര് ഉപേക്ഷിച്ചത് എന്ന് തരുൺ പറഞ്ഞു.
'സിനിമയുടെ പേരിന് ഒരു യൂനീക്നസ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പേരാണ് പ്രേക്ഷകരുടെ ഉള്ളിൽ ആദ്യം പതിയേണ്ടത്. പേരില്ലാതെയാണ് ഞാൻ ഷൂട്ട് ആദ്യം തുടങ്ങിയത്. ഷൂട്ടിങ്ങിനിടയിലാണ് തുടരും എന്ന പേര് കിട്ടുന്നത്. ഈ സമയം സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് ഒരു ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അപ്പോഴാണ് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ഹേമ കമ്മിറ്റി ഉൾപ്പടെയുള്ള സംഭവങ്ങളുണ്ടാകുന്നത്.
അപ്പോഴും സിനിമയുടെ ടൈറ്റിൽ പുറത്തുവിടാൻ ആരാധാകർ പറയുന്നുണ്ട്. എന്റെ മനസ്സിലാണെങ്കിൽ തുടരും എന്ന ടൈറ്റിലാണ് ഉള്ളത്. എങ്ങനെ ഞാൻ ആ ടൈറ്റിൽ പുറത്തുവിടും. അങ്ങനെ ആ പ്രശ്നങ്ങൾ അവസാനിക്കും വരെ കാത്തിരുന്നു.
'തുടരും എന്ന പേര് സിനിമയുമായി ചേർന്ന് നിൽക്കുന്നതാണ്. എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും ഒരാളുടെ ലൈഫ് തുടരും എന്ന് പറയുന്ന ഫോർമാറ്റിലാണ് തുടരും എന്ന ടൈറ്റിൽ നൽകിയത്. ലാസ്റ്റ് ഷെഡ്യൂൾ ആയപ്പോൾ ഈ പേര് വേണോ എന്ന സംശയത്തിലായി. അതുപോലെ ഈ സിനിമയ്ക്ക് വിന്റേജ് എന്നൊരു സജഷൻ വന്നിരുന്നു.
അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ, മോഹൻലാൽ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മൾ പറയുന്നത് പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. വിന്റേജ് എന്ന പേരിൽ ഉറപ്പിച്ചാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു.
വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോൾ എന്തിനാ മോനെ തുടരും എന്ന ഇത്രയും മനോഹരമായ വാക്ക് ഉള്ളപ്പോൾ മറ്റൊരു പേര്. എന്തുകൊണ്ടാണ് ആ പേരിൽ ഇതുവരെ ഒരു സിനിമ വന്നിട്ടില്ലാത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത് എന്നാണ് ലാലേട്ടൻ പറഞ്ഞത്. തുടരും നല്ല പേരാണ് അതിൽ മുന്നോട്ടു പോകൂ എന്ന് പറഞ്ഞപ്പോൾ ആ പേര് ഉറപ്പിക്കുകയായിരുന്നു,' എന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.