'ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്ന വിവാഹബന്ധമാണ് ഏറ്റവും നല്ല ബന്ധം': മമ്മൂട്ടി
ആരോഗ്യകരമായ ബുദ്ധിമുട്ടുകളെ തുടർന്ന് നടൻ മമ്മൂട്ടി ഇപ്പോൾ വിശ്രമത്തിലാണ്.
ആരോഗ്യകരമായ ബുദ്ധിമുട്ടുകളെ തുടർന്ന് നടൻ മമ്മൂട്ടി ഇപ്പോൾ വിശ്രമത്തിലാണ്. ചെന്നൈയിലാണ് അദ്ദേഹമുള്ളത്. കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ട്. ഇടവേളകളിൽ സിനിമ ചെയ്യാമെന്ന തീരുമാനമാണ് അദ്ദേഹത്തിനുള്ളതെന്നും മമ്മൂട്ടിയോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബ്ലെസി സംവിധാനം ചെയ്ത 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്.
ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളതാണെന്നും മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ലെന്നും മമ്മൂട്ടി പറയുന്നു. പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു.
ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ് മറ്റ് ഒരുപാട് ബന്ധങ്ങളുണ്ടാകുന്നത്. ഡിവോഴ്‌സ് ചെയ്യാവുന്ന ഏക റിലേഷൻഷിപ്പ് ഭാര്യയും ഭർത്താവും തമ്മിലുള്ളതാണ്. മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല. അച്ഛനും മകനുമാകട്ടെ, അമ്മാവനും മരുമകനുമാകട്ടെ ഇതൊന്നും ഡിവോഴ്‌സ് ചെയ്യാനാകില്ലല്ലോ. എന്നാൽ ഈ ബന്ധങ്ങളെല്ലാം ഉണ്ടാകുന്നത് വിച്ഛേദിക്കാനാകുന്ന ഒരു ബന്ധത്തിൽ നിന്നാണ്. വിവാഹത്തിലൂടെ ഉണ്ടാകുന്ന അമ്മ, അച്ഛൻ, മക്കൾ, അമ്മാവൻ, അമ്മായി തുടങ്ങിയ ബന്ധങ്ങൾക്കൊന്നും പിരിയാനാകില്ല. എന്നാൽ ഈ ബന്ധങ്ങൾ തുടങ്ങുന്ന വിവാഹബന്ധം, ഭാര്യ-ഭർതൃ ബന്ധം പിരിയാനാകും. അതുകൊണ്ട് ഈ ഭാര്യയും ഭർത്താവും ബന്ധവും തമ്മിലുള്ള ബന്ധമല്ലേ ഏറ്റവും നല്ല ബന്ധം, അതിനാണ് ഏറ്റവും ഉറപ്പ് വേണ്ടത്. കാരണം അത് പിരിക്കാൻ കഴിയരുത്. മറ്റേതൊരു ബന്ധവും എന്തായാലും പിരിക്കാൻ കഴിയില്ലല്ലോ', എന്നും മമ്മൂട്ടി പറയുന്നുണ്ട്.