വിക്രമിനെ കൂട്ടുപിടിച്ച് മോഹന്‍ലാല്‍, ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് ശ്രമം

വ്യാഴം, 4 ജനുവരി 2018 (15:37 IST)
മമ്മൂട്ടിക്കൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം. സൈന്യം, ധ്രുവം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ വിക്രമിനും മികച്ച വേഷമുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിനൊപ്പം വിക്രം അഭിനയിച്ചിട്ടില്ല. 
 
വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘സ്കെച്ച്’ മലയാളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ്‌ലാബ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 
 
കേരളത്തിലെ 200ലധികം കേന്ദ്രങ്ങളില്‍ സ്കെച്ച് പ്രദര്‍ശനത്തിനെത്തിക്കാനാണ് മാക്സ് ലാബിന്‍റെ തീരുമാനം. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ബോക്സോഫീസില്‍ തരംഗമാകുമെന്നാണ് മോഹന്‍ലാലിന്‍റെ കണക്കുകൂട്ടല്‍.
 
എന്നാല്‍ കേരളത്തില്‍ ആരാധകര്‍ ഏറെയുള്ള സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, ഭാസ്കര്‍ ദി റാസ്കലിന്‍റെ തമിഴ് പതിപ്പായ ഭാസ്കര്‍ ഒരു റാസ്കല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളും പൊങ്കല്‍ കൊയ്ത്ത് പ്രതീക്ഷിച്ച് കേരളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. 
 
കബാലി, തെരി തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണുവാണ് സ്കെച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!