മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. തനിക്ക് മനസില്‍ തോന്നുന്നത് എന്താണെങ്കിലും അത് തുറന്നുപറയുന്ന സ്വഭാവക്കാരന്‍ കൂടിയാണ് തിലകന്‍. അവസാന സമയത്ത് താരസംഘടനയായും നിര്‍മാതാക്കളുടെ സംഘടനയായും തിലകന്‍ കൊമ്പുകോര്‍ത്തിരുന്നു. സംവിധായകന്‍ വിനയനെ മലയാള സിനിമയില്‍ വിലക്കിയ നടപടിക്കെതിരെ തിലകന്‍ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ആ സമയത്ത് മലയാള സിനിമയിലെ ലോബികളെ കുറിച്ച് തിലകന്‍ തുറന്നുപറഞ്ഞിരുന്നു. നടന്‍ ഇന്ദ്രന്‍സ് തനിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ അനുഭവമാണ് തിലകന്‍ പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.
'ഇന്ദ്രന്‍സ് എന്നൊരു നടനുണ്ട്. നേരത്തെ നല്ലൊരു കോസ്റ്റ്യൂമറായിരുന്നു. എനിക്ക് ഷൂസും പാന്റ്‌സുമൊക്കെ അദ്ദേഹം ഇട്ടു തന്നിട്ടുണ്ട്. എന്റെ മുന്നില്‍ ഇന്ദ്രന്‍സ് ഇരിക്കില്ല. ഞാന്‍ നിര്‍ബന്ധിച്ച് ഇരിത്തും. 'അവിടെയിരിക്ക്, നീയൊരു നടനാണ്' എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഇരിത്തുക. ഒരിക്കല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയുടെ സെറ്റില്‍വച്ച് ഒരു സംഭവമുണ്ടായി. ആ സിനിമയില്‍ രണ്ട് സീനില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരു ദിവസത്തെ ഷൂട്ടിങ് ആണുള്ളത്. ആ സെറ്റില്‍വച്ച് ഇന്ദ്രന്‍സ് കരയുന്നത് ഞാന്‍ കണ്ടു. എന്തിനാണ് കരയുന്നതെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് ചോദിച്ചു. 'ഞാന്‍ കരഞ്ഞില്ല സാര്‍' എന്നു പറഞ്ഞ് ഇന്ദ്രന്‍സ് ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. കരയുന്നത് ഞാന്‍ കണ്ടല്ലോ, കാര്യം പറയാന്‍ ബലമായി നിര്‍ബന്ധിച്ചു. ചില മാനസിക പ്രയാസങ്ങള്‍ കാരണം കരഞ്ഞുപോയതാണെന്ന് ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു. എന്താ ഇത്ര മാനസിക പ്രയാസം എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 25,000 രൂപ വിനയന്റെ കൈയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടായിരുന്നു. അതിനുശേഷം പലരും തന്നെ വിളിച്ച് ആ സിനിമയില്‍ അഭിനയിക്കരുതെന്നും അങ്ങനെ അഭിനയിച്ചാല്‍ സിനിമയില്‍ ഉപരോധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു. എനിക്ക് ജീവിക്കണ്ടേ ചേട്ടാ, വളരെ താഴെ നിന്ന് വളര്‍ന്നു വന്നതാണ് ഞാന്‍. ഇനി എന്ത് ചെയ്യും. ഇതൊക്കെ ആലോചിച്ചാണ് താന്‍ കരഞ്ഞതെന്ന് ഇന്ദ്രന്‍സ് അന്ന് എന്നോടു പറഞ്ഞിട്ടുണ്ട്,' തിലകന്‍ വെളിപ്പെടുത്തി.