മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ് ദൃശ്യമെങ്കിലും ബോളിവുഡില്‍ ദൃശ്യം അറിയപ്പെടുന്നത് അജയ് ദേവ്ഗണ്‍ സിനിമ എന്ന നിലയിലാണ്. മലയാളത്തിനേക്കാള്‍ വലിയ മാര്‍ക്കറ്റായ ബോളിവുഡില്‍ വലിയ വിജയമായിരുന്നു അജയ് ദേവ്ഗണ്‍ ചിത്രമായ ദൃശ്യം നേടിയത് എന്നത് തന്നെയാണ് ഇതിന് കാരണം. ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നതിനിടെ മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി റീമെയ്ക്കായി ബോളിവുഡിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആണ് റീമെയ്ക്ക് ചര്‍ച്ചകളില്‍ തിളങ്ങി നില്‍ക്കുന്ന സിനിമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
തുടരും വലിയ ഹിറ്റായതോടെ ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും ടീമുകള്‍ സമീപിച്ചിരുന്നു. തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍ നിന്ന് എന്നോട് തന്നെയാണ് സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. കുറഞ്ഞ ബജറ്റില്‍ എങ്ങനെയാണ് ഇത്രയും വലിയ ഹിറ്റ് ചെയ്യാന്‍ സാധിച്ചത് എന്നായിരുന്നു അവര്‍ ചോദിച്ചത്. തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതുകൊണ്ട് എപ്പോള്‍ ചെയ്യാനാകുമെന്ന് അറിയില്ല. അജയ് ദേവ്ഗണെ നായകനാക്കി ചിത്രം ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തി പറഞ്ഞു.