തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിൽ ഏറെ മെച്ചപ്പെട്ടിരിക്കുകയാണ് ടൊവിനോ തോമസ്. മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയും സ്വന്തമാക്കിയിരിക്കുകയാണ് ടൊവിനോ ഇപ്പോൾ. 2025 ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ നേടിയത് "നരിവേട്ട" എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്.
നേരത്തെ 2023 ൽ ആണ് ഈ പുരസ്കാരം ടൊവിനോ ആദ്യമായി നേടിയത്. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കിയത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടൊവിനോ അവാർഡ് കരസ്ഥമാക്കിയത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ നരിവേട്ട മികച്ച പ്രേക്ഷക - നിരൂപക പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ടൊവിനോ കാഴ്ചവെച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് നടൻ എത്തിയത് വേഷമിട്ടത്. വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്ത ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെ ടൊവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ്.