നടന്മാർ തമ്മിലുള്ള ആത്മബന്ധം പൊതുവെ നടിമാർ തമ്മിൽ അധികം ഉണ്ടാകാറില്ല. എന്നാൽ, സൗത്ത് ഇന്ത്യയിൽ ഇതിന് നല്ല മാറ്റമുണ്ട്. മലയാളത്തിലെ ശോഭനയും രേവതിയും മുതൽ, പുതിയ കാലത്തെ നായികമാരായ കീർത്തി സുരേഷും കല്യാണി പ്രിയദർശനും വരെ നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്.
എന്നാൽ, തനിക്ക് മറ്റൊരു നായികയോടും അത്തരം ഒരു സൗഹൃദം ഇല്ലെന്ന് ഒരിക്കൽ പ്രശസ്ത താരം തൃഷ കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. തന്റെ സമകാലീന താരമായ നയൻതാരയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, ഗലാട്ട മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൃഷ ഈ വെളിപ്പെടുത്തൽ നടത്തിയത്.
'എന്നെയും നയൻതാരയെയും ഇപ്പോഴും താരതമ്യം ചെയ്യുന്നത്, ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് സിനിമയിൽ വന്നത് കൊണ്ടും, ഏതാണ്ട് ഒരേ പോലത്തെ സിനിമകളും കഥാപാത്രങ്ങളും ചെയ്തത് കൊണ്ടും ആവണം. ഞങ്ങൾ തമ്മിൽ എന്നും വളരെ ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് ഉണ്ടായിട്ടുള്ളത്. മറ്റ് ആളുകളും, മീഡിയയും പറഞ്ഞുണ്ടാക്കുന്ന പോലത്തെ മത്സരമോ, അരക്ഷിതാവസ്ഥയോ, ഒന്നും ഞങ്ങൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഒരു നായിക എന്ന നിലയ്ക്ക് നോക്കിയാൽ, മറ്റ് നായികമാരോടൊപ്പം അധികം ജോലി ചെയ്യാനോ, സമയം ചിലവഴിക്കാനോ നമുക്ക് അവസരം കിട്ടാറില്ല. മൾട്ടി സ്റ്റാർ സിനിമകളൊക്ക അപൂർവമല്ലേ... പൊന്നിയിൻ സെൽവനിൽ അഭിനയിച്ചപ്പോഴാണ്, മറ്റ് മൂന്നാല് നായികമാരോടൊപ്പം ഞാൻ അഭിനയിക്കുന്നതും, സമയം ചിലവിടുന്നതും.
നയൻതാരയെ ഞാൻ ആകെ കാണാറുള്ളത് വല്ല അവാർഡ് ഷോയ്‌ക്കോ, സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും സമയം ചിലവിടുമ്പോഴോ ഒക്കെ ആവും. ഞങ്ങൾ സംസാരിക്കുന്നത് കുറവാണ്. അങ്ങനെ സംസാരിക്കുമ്പോൾ ഒരിക്കലും അത് സിനിമയെ പറ്റി ആവില്ല. വിശേഷങ്ങളും, കുടുംബ കാര്യങ്ങളും ഒക്കെയാണ് പരസ്പരം ചോദിക്കുകയും പറയുകയും ചെയ്യാറുള്ളത്', തൃഷ പറഞ്ഞു.