പർവതിയോട് ആരും നല്ല രീതിയിൽ പെരുമാറുന്നില്ല, അതിനും മാത്രം എന്ത് അപരാധമാണ് ചെയ്‌തത്?: ഉർവശി ചോദിക്കുന്നു
ഇപ്പോൾ മലയാള സിനിമ പാർവതിയോട് കാണിക്കുന്നത് ന്യായമുള്ള കാര്യമല്ലെന്ന് ഉർവശി പറയുന്നു.
മലയാളത്തിലെ മികച്ച അഭിനേതാക്കളാണ് ഉർവശിയും പാർവതി തിരുവോത്തും. ഇരുവരും ഒന്നിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ ഏറെ പ്രശംസ നേടിയിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെയാണ് ഉർവശിക്ക് സംസ്ഥാന അവാർഡ് വീണ്ടും സ്വന്തമായത്. ഏറെക്കാലത്തിന് ശേഷം മലയാളത്തിൽ പാർവതിക്ക് ലഭിച്ച നല്ലൊരു വേഷം കൂടിയായിരുന്നു അത്. ഇപ്പോൾ മലയാള സിനിമ പാർവതിയോട് കാണിക്കുന്നത് ന്യായമുള്ള കാര്യമല്ലെന്ന് ഉർവശി പറയുന്നു.
ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ മലയാള സിനിമയിൽ താരത്തിന് അവസരങ്ങൾ കുറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെതിരെ പറഞ്ഞതാണ് താരത്തിനെതിരെ രോഷത്തിന് ഇടയാക്കിയത്. അതിനുശേഷം പഴയത് പോലെ പാർവതിക്ക് സിനിമകൾ ലഭിച്ചിരുന്നില്ല. പാർവതി മാറ്റിനിർത്തപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്യാൻ മാത്രം മലയാള സിനിമയോട് പാർവതി തിരുവോത്ത് അത്ര വലിയ അപരാധം എന്താണ് ചെയ്‌തത് എന്നായിരുന്നു ഉർവശി ചോദിച്ചത്. മൂവി വേൾഡിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഉർവശിയുടെ പ്രതികരണം.
'നല്ലൊരു ആർട്ടിസ്‌റ്റ് എന്നതിലുപരി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നവരുടെ ചരിത്രവും പുരാണവും ഒന്നും ഞാൻ പഠിക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ആ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിവുള്ള അഭിനേത്രി. അവർ കൃത്യമായി ഹോം വർക്ക് ചെയ്‌ത്, റീ വർക്ക് ചെയ്‌ത് അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നു. എനിക്ക് അവർ കൂടി ഒരു പ്രചോദനം ആവുകയാണ്.
ഓരോ ഷോട്ടും അവർ വലിയ കാര്യമായിട്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർ ഇഷ്‌ടപ്പെടാത്ത കാര്യം എന്തെന്ന് എനിക്ക് അറിയേണ്ട ആവശ്യമില്ല. എനിക്ക് അവരെ ഇഷ്‌ടമാണ്, അത്രയേ ഉള്ളൂ. ആ റോളിന് അവർ കറക്റ്റ് ആയിരുന്നു. ഒന്നുകിൽ വർക്കിൽ എന്തെങ്കിലും ഉഴപ്പ് കാണിക്കണം അല്ലെങ്കിൽ പെരുമാറ്റത്തിൽ ഉദാസീനത വേണം, അങ്ങനെ ഒക്കെ ഉണ്ടെങ്കിൽ അല്ലേ ഒരാളെ വെറുക്കണ്ട കാര്യമുള്ളൂ.
ഇപ്പോൾ എല്ലാം സെൻസേഷണൽ ആക്കണം, കേൾക്കുമ്പോൾ എല്ലാത്തിനും ഒരു എരിവും പുളിയുമൊക്കെ വേണം എന്നതാണ്. എല്ലാം വിവാദങ്ങൾ ആക്കണം എന്ന ട്രെൻഡ് ആണ്. അല്ലെങ്കിൽ ശരിയല്ല എന്നാണ് കരുതുന്നത്. ഇതൊക്കെ മാറണം, മാറും. കാരണം ഇങ്ങനെ ഒന്നുമല്ല നമ്മൾ മനുഷ്യരെ വിലയിരുത്തേണ്ടത്. പണ്ടൊന്നും ഇങ്ങനെ ഇല്ലായിരുന്നു. ബന്ധങ്ങൾക്ക് ഒക്കെ വിലയുണ്ടായിരുന്നു.
പാർവതി തിരുവോത്ത് നല്ല അഭിനേത്രി ആണെങ്കിൽ, അവർക്ക് തന്നെ അതിപ്പോൾ ഫീൽ ചെയ്യുന്നുണ്ട്. കാരണം എന്തോ എല്ലാവരുടെയും സമീപനത്തിൽ വല്ലാത്തൊരു വ്യത്യാസം. ആരും നല്ല രീതിയിൽ പെരുമാറുന്നില്ല. പല നല്ല സിനിമകളിൽ നിന്നും അപ്രോച്ച് ചെയ്യുന്നില്ല. അതിന് വേണ്ടി എന്ത് കുറ്റമാണ് ഞാൻ ചെയ്‌തത് എന്ന് അവർ ചോദിക്കുന്നുണ്ട്.
ചെയ്യുന്ന സിനിമകളിൽ എല്ലാം നന്നായി അഭിനയിക്കാൻ അല്ലേ അവർ ശ്രമിച്ചിട്ടുള്ളൂ. അല്ലാതെ എന്ത് അപരാധമാണ് അവർ സിനിമയോട് ചെയ്‌തിട്ടുള്ളത്. ഇനി വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞതിന്റെ ആണെങ്കിൽ അവർക്ക് മാത്രം പോരേ ദേഷ്യം. മുഴുവൻ സിനിമയ്ക്കും പാർവതി തിരുവോത്തിനോട് ദേഷ്യപ്പെടാൻ ഒരു ന്യായവുമില്ല', ഉർവശി പറയുന്നു.