ഉള്ളൊഴുക്കിൽ ഉർവശിയെങ്ങനെ സഹനടിയാകും?, ദേശീയ അവാർഡിൽ വിമർശനവുമായി നടി
അച്ചുവിന്റെ അമ്മയുടെ സമയത്ത് ജൂറിയില്‍ ഉണ്ടായിരുന്ന നടി സരോജാദേവി മികച്ച നടിയ്ക്കായുള്ള അവാര്‍ഡിനായി എനിക്ക് വേണ്ടി വാദിച്ചതാണ്. അത് സഹകഥാപാത്രമല്ലെന്നും സിനിമയുടെ പേര് തന്നെ അച്ചുവിന്റെ അമ്മ എന്നാണെന്നും അവര്‍ പറഞ്ഞു.
ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോഴും അവാര്‍ഡ് ജൂറിക്കെതിരായ അതൃപ്തി പ്രകടമാക്കി നടി ഉര്‍വശി. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ സിനിമയിലേത് സഹ കഥാപാത്രം അല്ലല്ലോയെന്നും മുഴുനീള വേഷമാണല്ലോ എന്നും തന്റെ പരിചയക്കാര്‍ തന്നോട് ചോദിക്കുമെന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ പ്രകടനം ദേശീയ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടപ്പോള്‍ ജൂറി അംഗം നേരിട്ട് പറഞ്ഞ കാര്യവും ഉര്‍വശി പങ്കുവെച്ചു.
രണ്ട് മികച്ച നടിമാര്‍ക്ക് അവാര്‍ഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്നാണ് പ്രിയപ്പെട്ടവര്‍ ചോദിക്കുന്നത്. അച്ചുവിന്റെ അമ്മയുടെ സമയത്ത് ജൂറിയില്‍ ഉണ്ടായിരുന്ന നടി സരോജാദേവി മികച്ച നടിയ്ക്കായുള്ള അവാര്‍ഡിനായി എനിക്ക് വേണ്ടി വാദിച്ചതാണ്. അത് സഹകഥാപാത്രമല്ലെന്നും സിനിമയുടെ പേര് തന്നെ അച്ചുവിന്റെ അമ്മ എന്നാണെന്നും അവര്‍ പറഞ്ഞു. അന്ന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞു. നമുക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും അവിടത്തെ ലോബി തന്നെ വിജയിക്കും എന്ന അവസ്ഥയാണ്. ഒരു ക്കാലത്തും അവാര്‍ഡ് പ്രതീക്ഷിച്ച് അഭിനയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സിനിമ വിജയിക്കണെ എന്ന് മാത്രമെ ആഗ്രഹിച്ചിട്ടുള്ളു. അത് ഈശ്വരന്‍ കേട്ടിട്ടുണ്ട്. ഉള്ളൊഴുക്കിന് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.