യൂട്യൂബില്‍ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് വീണ മുകുന്ദന്‍. അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ആപ് കൈസെ ഹോ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും വീണ ചുവട് വെച്ചിരുന്നു. എന്നാല്‍ സിനിമയുടെ പല പ്രൊമോഷന്‍ പരിപാടികളിലും സണ്‍ഗ്ലാസ് വെച്ചാണ് വീണ എത്തിയിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നിലുള്ള കാരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വീണ.
കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് സംഭവിക്കുന്ന അണുബാധമൂലമുണ്ടാകുന്ന ഐലിഡ് എഡിമയെന്ന രോഗാവസ്ഥയായിരുന്നു തനിക്കെന്ന് സ്വന്തം യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ച വീഡിയോയില്‍ വീണ വ്യക്തമാക്കി.
ഒരു അഭിമുഖം എടുത്തശേഷം ഫ്‌ളാറ്റില്‍ വന്ന് ഉച്ചയ്ക്ക് കിടന്നശേഷം എഴുന്നേറ്റപ്പോഴാണ് വലതുകണ്ണിന് ഒരു തടിപ്പ് തോന്നുന്നത്. അപ്പോള്‍ അത് കാര്യമാക്കിയില്ലെങ്കിലും അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഈ വീക്കം കൂടിയിരിക്കുന്നു. എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. അടുത്ത ദിവസം ശരിയാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ മരുന്ന് കഴിഞ്ഞിട്ടും വീക്കം കുറഞ്ഞില്ലെന്ന് മാത്രമല്ല അത് കൂടുതല്‍ വഷളായി. അങ്ങനെയാണ് ഒരു നേത്ര വിദഗ്ധനെ കാണിക്കുന്നത്. അപ്പോഴാണ് റൈറ്റ് ഐലിഡ് എഡിമയാണെന്ന് മനസിലാകുന്നത്.
10-12 ദിവസം കഴിയാതെ രോഗം മാറില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളും നിരവധി അഭിമുഖങ്ങളും എല്ലാം ഉള്ള സമയമാണ്. കരഞ്ഞാല്‍ രോഗം മാറില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സങ്കടം കാരണം കരയാതിരിക്കാനും സാധിച്ചില്ല. കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിയായി. ആത്മവിശ്വാസമാകെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ മറ്റേ കണ്ണിലേക്കും പടര്‍ന്നു. അതോടെ ടെന്‍ഷനായി. സുഹൃത്തുക്കള്ളും സഹപ്രവര്‍ത്തകരുമെല്ലാം ഒപ്പം നിന്നു. അങ്ങനെ ധൈര്യം സംഭരിച്ചാണ് പ്രമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുത്തത്. പിന്നീട് രോഗം പൂര്‍ണമായി മാറിയശേഷമാണ് പുറത്തിറങ്ങിയത്. വീണ പറഞ്ഞു.