എമ്പുരാൻ ചരിത്രമാകും! ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ സൈറ്റ് പണിമുടക്കി; ബുക്ക് മൈ ഷോ സെർവർ പോലും തകർന്നു
മലയാളത്തിൽ ഇന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർക്കുമെന്ന് ഉറപ്പ്.
സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചു. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. ബുക്കിംഗ് തുടങ്ങി ആരാധകരുടെ തള്ളിക്കയറ്റമാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈറ്റ് പണി മുടക്കാൻ കാരണം. ഇതോടെ, മലയാളത്തിൽ ഇന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർക്കുമെന്ന് ഉറപ്പ്.
ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നനത്. ജനുവരി 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഓവര്‍സീസ് ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ഓവര്‍സീസ് അഡ്വാന്‍സ് ബുക്കിങ്ങില്‍ നിന്ന് മാത്രം 12 കോടിയാണ് ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ആദ്യദിനം 40-50 കോടി വേള്‍ഡ് വൈഡ് കളക്ഷനാണ് എമ്പുരാന്‍ പ്രതീക്ഷിക്കുന്നത്.
മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.