പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍ എന്ന സിനിമയ്ക്ക് മുകളിലുള്ള പ്രേക്ഷകപ്രതീക്ഷ വാനോളമാണ്. ഇന്ന് ഉച്ചയ്ക്ക് 1:08ന് സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നതെങ്കിലും അപ്രതീക്ഷിതമായി അര്‍ദ്ധരാത്രി 12:30 ഓടെ സിനിമയുടെ ട്രെയ്ലര്‍ പുറത്തുവന്നിരുന്നു. നേരത്തെ പ്രഖ്യാപിച്ച സമയത്തിന് മുന്‍പെ ട്രെയ്ലര്‍ പുറത്തുവിട്ടത് ട്രെയ്ലര്‍ ലീക്കാകുമെന്ന് കരുതിയാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം ഈ കാര്യത്തില്‍ വിശദീകരണമൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ്. മാര്‍ച്ച് 27നാണ് സിനിമയുടെ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അതേസമയം എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായും കാണാനാവുമെന്നാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് പറയുന്നത്. മൂന്ന് ഭാഗങ്ങളുള്ള സിനിമയിലെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.