AMMA: 'ആരോപണം വന്നപ്പോൾ ഞാൻ മാറി നിന്നു, ബാബുരാജും മാറി നിൽക്കട്ടെ'; വിജയ് ബാബു
തന്റെ നിർദേശം വ്യക്തിപരമായി എടുക്കരുതെന്നും നടൻ പറയുന്നുണ്ട്.
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും നടൻ ബാബുരാജ് മാറി നിൽക്കണമെന്ന ആവശ്യവുമായി നടനും നിർമാതാവുമായ വിജയ് ബാബു. ആരോപണ വിധേയനായപ്പോൾ താൻ മാറി നിന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഈ ആവശ്യം ഉന്നയിച്ചത്. തന്റെ നിർദേശം വ്യക്തിപരമായി എടുക്കരുതെന്നും നടൻ പറയുന്നുണ്ട്.
ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷം ബാബുരാജിന് തിരികെ വരാമെന്നും വിജയ് ബാബു പറയുന്നുണ്ട്. ബാബുരാജിനെപ്പോലെ തന്നെ സംഘടനയെ നയിക്കാൻ സാധിക്കുന്ന നിരവധി പേരുണ്ടെന്നും വിജയ് ബാബു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
'ഞാൻ കുറ്റാരോപിതനായപ്പോൾ മാറി നിന്നു. തനിക്കെതിരെ നിരവധി കേസുകൾ നിലനിൽക്കെ ബാബുരാജ് അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണം. നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെ. നിങ്ങൾ ചെയ്തതു പോലെ സംഘടനയെ നയിക്കാൻ കഴിവുള്ള മറ്റ് നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്. അതിനെക്കുറിച്ച് തർക്കിക്കാൻ ഞാനില്ല. ഏതൊരു വ്യക്തിയേക്കാളും വലുത് സംഘടനയാണ്. അത് ശക്തമായി തന്നെ തുടരും. ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റം എന്ന നിലയിൽ സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു', എന്നാണ് വിജയ് ബാബു പറയുന്നത്.
നേരത്തെ, ആരോപണ വിധേയർ മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ട് മാലാ പാർവതി, മല്ലിക സുകുമാരൻ, അനൂപ് ചന്ദ്രൻ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ ദിലീപ്, വിജയ് ബാബു, സിദ്ധീഖ് തുടങ്ങിയവർ മാറി നിന്നത് ചൂണ്ടിക്കാണിച്ചാണ് ബാബുരാജിനോടും മാറി നിൽക്കാൻ ആവശ്യപ്പെടുന്നത്.