Kavya Madhavan: പ്രേമത്തോടെ നോക്കെന്ന് സംവിധായകൻ, കണ്ണുമിഴിച്ച് നോക്കി കാവ്യ! രസകരമായ സംഭവമിങ്ങനെ
മകൾ മാമാട്ടിക്കും ദിലീപിനുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് ജനപ്രിയ നടി.
മലയാളികൾക്ക് കണ്മുന്നിൽ വളർന്ന ആളാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ അരങ്ങേറിയ കാവ്യ നടിയായും തിളങ്ങി. അഞ്ച് വയസ് മുതൽ കാവ്യയെ മലയാളികൾ കാണുന്നുണ്ട്. ദിലീപിനെ വിവാഹം കഴിക്കുന്നത് വരെ കാവ്യ തന്റെ അഭിനയം തുടർന്നു. ഇപ്പോൾ, മകൾ മാമാട്ടിക്കും ദിലീപിനുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് ജനപ്രിയ നടി.
ഏതാനും സിനിമകളിൽ ബാല താരമായി എത്തിയ കാവ്യ മാധവൻ, വെറും പതിനാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയാവുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ശാലിനിയെ ആയിരുന്നു നായികയായി തീരുമാനിച്ചത്. എന്നാൽ, ഡേറ്റ് പ്രശ്നം മൂലം ശാലിനിക്ക് പിന്മാറേണ്ടതായി വന്നു.
ശാലിനിക്ക് പകരം കാവ്യയെ ആലോചിച്ചാലോ എന്ന് ചോദിച്ചത് മഞ്ജു വാര്യർ ആയിരുന്നു. അന്ന് ദിലീപിന്റെ ഭാര്യയായിരുന്നു മഞ്ജു. പതിനാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടി നായികയായാൽ ശരിയാകുമോ എന്ന പേടി ദിലീപിനും, ലാൽ ജോസിനും ഉണ്ടായിരുന്നെങ്കിലും, ആ കഥാപാത്രത്തിന് കാവ്യ ഇണങ്ങും എന്ന് മഞ്ജു വിശ്വസിച്ചു.
എന്നാൽ, നായികയാവാൻ കാവ്യയെ സമീപിച്ചപ്പോൾ, നടിയുടെ അമ്മ മാത്രം എതിർപ്പ് പറഞ്ഞു. ഇതിനെ കുറിച്ച് മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത കഥ ഇതുവരെ എന്ന പരിപാടിയിൽ നടി സംസാരിച്ചിരുന്നു. വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് നായികയാവാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിച്ച കാവ്യയുടെ അമ്മ ശ്യാമള മാധവൻ, "അവളെ ഇപ്പോൾ അഭിനയിപ്പിക്കണ്ട, വേണമെങ്കിൽ ഭാവിയിൽ ആലോചിക്കാം," എന്നാണ് സംവിധായകൻ ലാൽ ജോസിനോട് മറുപടി പറഞ്ഞത്.
"അമ്മയ്ക്ക് ആയിരുന്നു വീട്ടിൽ ഒരു വിയോജിപ്പ് ഉണ്ടായിരുന്നത്. ഇനി അഥവാ വിടണമെങ്കിൽ തന്നെ, കാവ്യ പത്താം ക്ളാസൊക്കെ ഒന്ന് കഴിയട്ടെ എന്നായിരുന്നു, എന്നിട്ട് ആലോചിക്കാം, എന്നായിരുന്നു. പക്ഷെ ഒമ്പതിൽ പഠിക്കുമ്പോൾ തന്നെ നായികയായി. പക്ഷെ ലാലു ചേട്ടൻ എന്ന ആ ഒരാളിൽ ഉള്ള വിശ്വാസമാണ് നമുക്ക്. കല്യാണം കഴിഞ്ഞ സ്ത്രീയുടെ വേഷമാണെന്നൊക്കെ കേട്ടപ്പോൾ അമ്മയ്ക്ക് നല്ല പേടിയായി. അത്രയും മാർ ആയിട്ടുള്ള വേഷം എന്നെകൊണ്ട് പറ്റുമോ എന്നായിരുന്നു അമ്മയുടെ ചിന്ത," കാവ്യ മാധവൻ ഓർത്തെടുത്തു.
പക്ഷെ ലാൽ ജോസ് തന്നിൽ വലിയ വിശ്വാസം അർപ്പിച്ചിരുന്നുവെന്നാണ് നടി പറഞ്ഞത്. "ലാലു ചേട്ടൻ "അവൾ ചെയ്തോളും ചേച്ചി. സാരിയൊക്കെ ഉടുത്താൽ പ്രായം തോന്നണം, അത്രേയുള്ളു. ചെയ്യിപ്പിക്കുന്ന കാര്യം നമ്മൾ ഏറ്റു," എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒരു ധൈര്യത്തിൽ പോയതാണ്. എനിക്കിപ്പോഴും അറിയില്ല, ആ സമയത്ത് താലി പിടിച്ചു കൊണ്ടുള്ള ഡയലോഗ് ഒക്കെ ഞാൻ അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടൊന്നുമല്ല പറഞ്ഞത്.
ലാലു ചേട്ടൻ പറയും, "ഞാൻ മോഡുലേഷൻ പറഞ്ഞു തരാം. നീ എന്റെ മുഖത്തു നോക്കണ്ട. അതിൽ നീ പറഞ്ഞാൽ, നിന്റെ മുഖത്തു ഭാവം വരും, അതാണ് എനിക്ക് വേണ്ടത്, എന്ന്," കാവ്യ വെളിപ്പെടുത്തി. പക്ഷെ, ആ കഥാപാത്രമായി തന്നെ മാറ്റിയെടുക്കാൻ സംവിധായകൻ ലാൽ ജോസും, നായകൻ ദിലീപും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാവ്യ മാധവൻ സമ്മതിക്കുന്നു. പ്രേമത്തോടെ നോക്കണം എന്ന് നിദ്ദേശം കിട്ടിയാൽ താൻ കണ്ണും മിഴിച്ചാണ് നോക്കിയിരുന്നതെന്ന് ഒരു ചിരിയോടെ താരം വെളിപ്പെടുത്തി.