ചൈനയിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക. ചൈനയിലെ സാഹചര്യം ഗൗരവകരമായി കാണണമെന്നും വൈറസിൻ്റെ വ്യാപനം പുതിയ വകഭേദങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കും ഭീഷണിയാണെന്ന് അമേരിക്ക സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പുതുവർഷത്തിൽ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ നേതൃത്വത്തിൽ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയിലെ കൊവിഡ് ബാധയിലുണ്ടായ വർധനവ് ആഗോള സാമ്പത്തിക മേഖലയെ മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക പറഞ്ഞു. കടുത്ത കൊവിഡ് പ്രതിരോധ നയവുമായി മുന്നോട്ട് പോയ ചൈനയിൽ നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുട്ടർന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് രാജ്യത്ത് വ്യാപിച്ചത്.