ലോകകപ്പ് ഷോക്ക്, കോഹ്‌ലി സമ്മര്‍ദ്ദത്തില്‍ ?

ചൊവ്വ, 21 മെയ് 2019 (20:04 IST)
ഏത് സാഹചര്യത്തിലും തളരാത്ത പോരാളിയാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി. ഏത് സമ്മര്‍ദ്ദത്തെയും അതിജീവിക്കാന്‍ കരുത്തുള്ള നായകന്‍. ഇത്തവണത്തെ ലോകകപ്പിന്‍റെ സമ്മര്‍ദ്ദത്തെ പതിവുപോലെ കൂളായി മറികടക്കാന്‍ കോഹ്‌ലിക്ക് കഴിയുമോ? ടീം ഇന്ത്യ കിരീടം ഉയര്‍ത്തണമെങ്കില്‍ അതിന് ക്യാപ്‌റ്റന്‍ സമ്മര്‍ദ്ദത്തിന് അതീതനായിരിക്കണമെന്നതാണ് പ്രാഥമികമായ കാര്യം. കിരീടം നേടിയ സമയത്ത് കപില്‍ ദേവും മഹേന്ദ്രസിംഗ് ധോണിയും എത്ര കൂളായാണ് ടീമിനെ നയിച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്. 
 
വേള്‍ഡ് കപ്പിന്‍റെ പ്രഷര്‍ വളരെ വലുതാണെന്ന് കോഹ്‌ലിയും സമ്മതിക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ ആരംഭിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിലെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും വ്യത്യസ്തമാണ്. അവിടെ നേരത്തേയെത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്ന തന്ത്രമാണ് ടീം ഇന്ത്യ പരീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ വ്യത്യസ്തമോ അത്രയും പ്രയാസകരമോ ആവില്ല ലോകകപ്പ് ഇംഗ്ലണ്ടില്‍ കളിക്കാനെന്നാണ് കോഹ്‌ലിയുടെ പക്ഷം. 
 
ഇന്ത്യന്‍ ബൌളര്‍മാരെല്ലാം ഐ പി എല്‍ കളിച്ചവരാണ്. ആ ടൂര്‍ണമെന്‍റ് മുഴുവന്‍ കളിച്ചവരും ഒട്ടും ക്ഷീണിതരായിരുന്നില്ല. അതുകൊണ്ടുതന്നെ 50 ഓവര്‍ ക്രിക്കറ്റിന്‍റെ ഒരു വലിയ ടൂര്‍ണമെന്‍റ് കളിക്കുന്നതിന്‍റെ പ്രയാസങ്ങളെല്ലാം തരണം ചെയ്യാന്‍ കെല്‍പ്പുള്ള ടീം തന്നെയാണ് ഇന്ത്യയെന്ന് കോഹ്‌ലിക്ക് നന്നായറിയാം. ഇത്രയും വലിയ ഒരു സീസണ്‍ കളിക്കാനുള്ള ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് ടീം അംഗങ്ങളുടെയെല്ലാം പ്രധാന ലക്‍ഷ്യമെന്നും കോഹ്‌ലി വിലയിരുത്തുന്നു. 
 
കഴിഞ്ഞ 5 വര്‍ഷം മികച്ച ക്രിക്കറ്റ് കളിച്ച് ലോകത്തെ അമ്പരപ്പിച്ചവരാണ് ടീം ഇന്ത്യ. ലോകകപ്പില്‍ അതിന് മാറ്റം വരികയില്ല. കളിയുടെ പ്രഷറില്ലാതെ എന്‍‌ജോയ് ചെയ്ത് കളിക്കുകയും അവസരങ്ങള്‍ മുതലാക്കുകയും ചെയ്താല്‍ ലോകകപ്പ് ഇത്തവണ ഇന്ത്യയിലെത്തുമെന്നതില്‍ കോഹ്‌ലിക്ക് സംശയമേതുമില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കോഹ്‌ലിയും രോഹിത്തുമല്ല; തുറന്ന് പറഞ്ഞ് മുന്‍ പാക് നായകന്‍