അഫ്ഗാനിസ്ഥാന്‍ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗില്‍ ക്രിക്കറ്റിലെ തന്നെ അപൂര്‍വനിമിഷം പിറന്നു. അമോ ഷാര്‍ക്ക്‌സും മിസ് ഐനക് നൈറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. അഫ്ഗാന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ മകനായ ഹസന്‍ ഇസഖീല്‍ സിക്‌സര്‍ പറത്തിയതായിരുന്നു ഈ അപൂര്‍വകാഴ്ച.
അമോ ഷാര്‍ക്ക്‌സിന്റെ ഇന്നിങ്ങ്‌സിലെ എട്ടാം ഓവറിലാണ് മിസ് ഐനക് നൈറ്റ്‌സ് താരമായ മുഹമ്മദ് നബി പന്തെറിയാനെത്തിയത്.അമോ ഷാര്‍ക്‌സിനായി ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇസഖീലായിരുന്നു ക്രീസില്‍. മുഹമ്മദ് നബിയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടികൊണ്ടാണ് ഇസഖീല്‍ വരവേറ്റത്. മത്സരത്തില്‍ 36 പന്തില്‍ നിന്നും 2 സിക്‌സും 5 ഫോറുമടക്കം 52 റണ്‍സാണ് ഇസഖീല്‍ നേടിയത്. 19.4 ഓവറില്‍ 162 റണ്‍സാണ് അമോ ഷാര്‍ക്‌സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്‌സ് 17 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഈ വര്‍ഷമാദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മകന്‍ ഇസഖീലിനൊപ്പം കളിക്കാനുള്ള ആഗ്രഹം മുഹമ്മദ് നബി പ്രകടിപ്പിച്ചിരുന്നു. 40 കാരനായ മുഹമ്മദ് നബി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്.