'ആ കപ്പ് ഇങ്ങോട്ട് തരാന്‍ പറ'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനെതിരെ ബിസിസിഐ
ഇന്നലെ ഉച്ചയ്ക്കു ദുബായില്‍ വെച്ചാണ് ഐസിസി യോഗം തുടങ്ങിയത്
ഐസിസി യോഗത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വിക്കെതിരെ ബിസിസിഐ. ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യന്‍ ടീമിനോ ബിസിസിഐയ്‌ക്കോ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ബിസിസിഐ രംഗത്തെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു ദുബായില്‍ വെച്ചാണ് ഐസിസി യോഗം തുടങ്ങിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും യോഗത്തിനെത്തിയിരുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ ആണ് ബിസിസിഐയെ പ്രതിനിധാനം ചെയ്തു ഐസിസി യോഗത്തില്‍ എത്തിയത്. ഏഷ്യ കപ്പ് ഉടന്‍ ഇന്ത്യക്ക് കൈമാറണമെന്ന് സൈക്കിയ യോഗത്തില്‍ ആവശ്യപ്പെട്ടു.
ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് ഏഷ്യ കപ്പ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കിരീടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്ത് സൂക്ഷിക്കുന്നത്. തന്റെ അനുവാദമില്ലാതെ ഏഷ്യ കപ്പ് ഇന്ത്യക്ക് കൈമാറരുതെന്ന് നഖ്വി ഏഷ്യന്‍ ക്രിക്കറ്റ് ഭരണസമിതിയിലെ മറ്റ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.