ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ
അഞ്ചാം ടി20 മത്സരത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. നേരത്തെ 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ടി20 പരമ്പരയില്‍ കൂടി വിജയിച്ചതോടെ 8-0ത്തിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യത്തോടെയാണ് ഓസീസ് തേരോട്ടം.
അഞ്ചാം ടി20 മത്സരത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്‌സ് 19.4 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചിരുന്നു. 17 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് ഓസീസ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പതറിയെങ്കിലും 18 പന്തില്‍ 32 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 12 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സുമായി ടിം ഡേവിഡും 17 പന്തില്‍ 3 സിക്‌സും ഫോറുമായി 37 റണ്‍സുമായി മിച്ചല്‍ ഓവനും ഓസീസ് നിരയില്‍ തിളങ്ങി. നേരത്തെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ മികവിലാണ് വെസ്റ്റിന്‍ഡീസ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 31 പന്തില്‍ 3 സിക്‌സും ഫോറും സഹിതം 52 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഷര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 17 പന്തില്‍ 35 റണ്‍സെടുത്തു.