ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ പുറത്ത്. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 22 റണ്‍സിന് വിജയിച്ചപ്പോള്‍ മത്സരത്തിലെ അവസാന വിക്കറ്റ് സ്വന്തമാക്കിയത് ബഷീറായിരുന്നു. കൈക്കുണ്ടായിരുന്ന പൊട്ടല്‍ അവഗണിച്ചാണ് താരം മത്സരത്തില്‍ പന്തെറിഞ്ഞത്.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ബഷീറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ബഷീറിന്റ ഇടം കയ്യില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ബഷീര്‍ കളം വിട്ടിരുന്നു. പിന്നീട് നടത്തിയ സ്‌കാനിങ്ങില്‍ കൈയ്ക്ക് പൊട്ടല്‍ സ്ഥിരീകരിച്ചിരുന്നു. എങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനായി താരം ബാറ്റിങ്ങിനിറങ്ങുകയും അവസാന ദിനം ആറ് ഓവറുകള്‍ ഇംഗ്ലണ്ടിനായി എറിയുകയും ചെയ്തിരുന്നു.