ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഷഹീന്‍ അഫ്രീദിയും പുറത്ത്. ഈ മാസം 20 മുതല്‍ 24 വരെ ധാക്കയില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 സീരീസിനുള്ള പകിസ്ഥാന്‍ ടീമിനെ സല്‍മാന്‍ ആഘയാകും നയിക്കുക.
ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കെതിരായ വൈറ്റ്‌ബോള്‍ സീരീസിലേക്ക് ബാബര്‍, റിസ്വാന്‍, അഫ്രീദി എന്നിവരെ പരിഗണിക്കില്ലെന്ന് കോച്ച് മൈക്ക് ഹെസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി20യ്ക്ക് പകരം ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനും മൂന്ന് പേരോടും കോച്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷമാകും വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.
മുഹമ്മദ് നവാസ്, സൂഫിയാന്‍ മോഖിം, യുവ പേസ് സെന്‍സേഷനായ സല്‍മാന്‍ മിര്‍സ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 20,22,24 തീയതികളിലാകും മത്സരങ്ങള്‍ നടക്കുക. ഓഗസ്റ്റ് ഒന്ന് മുതലാണ് വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുക. 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ശേഷം 3 ഏകദിനങ്ങളടങ്ങിയ പരമ്പരയും വെസ്റ്റിന്‍ഡീസിനെതിരെ പാകിസ്ഥാന്‍ കളിക്കും.