2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നടന്നുകയറിയിരുന്നു. കോഴവിവാദത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞ ടീമിനെ അടിമുടി മാറ്റി യുവതാരങ്ങളെ കൊണ്ട് ശക്തിപ്പെടുത്തി പുതിയ ഒരു ഇന്ത്യന്‍ ടീമിനെ സൃഷ്ടിച്ചു എന്നതായിരുന്നു നായകനെന്ന നിലയില്‍ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെലുത്തിയ സ്വാധീനം. കളിക്കളത്തില്‍ തന്നെ മറുപടി നല്‍കുന്ന അഗ്രസീവ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ വക്താവ് തന്നെ ഗാംഗുലിയായിരുന്നു.
2003ലെ ലോകകപ്പില്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച നായകനായിരുന്നെങ്കിലും പുതിയ പരിശീലകനായി ഗ്രെഗ് ചാപ്പല്‍ ചുമതലയേറ്റടുത്തതോടെ ഇന്ത്യന്‍ ക്രിക്കറ്റ് നീങ്ങിയത് വലിയ വിവാദങ്ങളിലേക്കായിരുന്നു. ആ സമയത്ത് മോശം ഫോമിലായിരുന്ന ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ടീമിനെ നശിപ്പിക്കുന്ന സ്വാധീനമെന്നാണ് ഗ്രെഗ് ചാപ്പല്‍ ബിസിസിഐയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. ഗാംഗുലിയെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് കൂടി ചാപ്പല്‍ ആവശ്യപ്പെട്ടതോടെ ഇന്ത്യ ഒന്നടങ്കം അന്ന് ഞെട്ടിപോയി. 2005 ഒക്ടോബറില്‍ ഗാംഗുലിക്ക് ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.
ലോകക്രിക്കറ്റില്‍ താന്‍ എന്താണെന്ന് തെളിയിച്ച താരമായിരുന്നെങ്കിലും കരിയറിന്റെ അവസാനകാലത്തിലായിരുന്നു അന്ന് ഗാംഗുലി. എങ്കിലും തോല്‍വി സമ്മതിക്കാനുള്ള മനസ് ബംഗാള്‍ കടുവയെന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന ഗാംഗുലിക്ക് ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാം നേടിയിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിച്ച് താന്‍ ആരാണെന്ന് തെളിയിക്കാന്‍ തന്നെയാണ് ഗാംഗുലി തീരുമാനിച്ചത്.
2006ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ദിലീപ് ട്രോഫിയിലും രഞ്ജിയിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഗാംഗുലിയെ ബിസിസിഐയ്ക്ക് വീണ്ടും ടീമിലേക്ക് വിളിക്കേണ്ടി വന്നു. പ്രധാനമായും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളുടെ അഭാവമായിരുന്നു അതിന് കാരണമായത്. മടങ്ങിവരവില്‍ ജോഹന്നാസ് ബര്‍ഗിലെ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 51 റണ്‍സുമായി ഗാംഗുലി തന്റെ ക്ലാസ് തെളിയിച്ചു. എന്നാല്‍ ഗാംഗുലിയെന്ന പോരാളി എന്താണെന്ന് തെളിയിച്ചത് 2007ല്‍ കൊല്‍ക്കത്തയില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിലായിരുന്നു. അന്ന് വരെ തന്റെ കരിയറില്‍ സാധിക്കാതിരുന്ന ഇരട്ടസെഞ്ചുറിയെന്ന നേട്ടം ഗാംഗുലി സ്വന്തമാക്കിയത് കൊല്‍ക്കത്തയിലെ ടെസ്റ്റില്‍ വെച്ചായിരുന്നു.
എല്ലാവരും എഴുതിതള്ളിയിട്ടും ക്രിക്കറ്റില്‍ അധികം സമയമില്ലെന്ന് അറിയാമായിരുന്നിട്ടും ഗാംഗുലി അന്ന് നേടിയ 239 റണ്‍സ് തന്റെ ബാറ്റിങ്ങിനെ പോരാട്ടത്തെ പുച്ഛിച്ചവര്‍ക്കുള്ള ഗാംഗുലിയുടെ മധുരപ്രതികാരമായിരുന്നു.ക്രിക്കറ്റില്‍ പല ഇതിഹാസങ്ങളും പിറന്നിട്ടുണ്ടെങ്കിലും ഗാംഗുലിയെ പോലെ ഒരു തിരിച്ചുവരവ് നടത്താന്‍ ഒരു താരത്തിനും സാധിച്ചിട്ടില്ല.