Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍
ഇംഗ്ലണ്ടിനു ഷോക്ക് കൊടുത്തത് മിച്ചല്‍ സ്റ്റാര്‍ക്കാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്കുള്ള മറുപടി നായകന്‍ ബെന്‍ സ്റ്റോക്‌സിലൂടെ
Ben Stokes: ആഷസ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം പെര്‍ത്തില്‍ വീണത് 19 വിക്കറ്റുകള്‍ ! ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 172 നു ഓള്‍ഔട്ട് ആയപ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് !
ഇംഗ്ലണ്ടിനു ഷോക്ക് കൊടുത്തത് മിച്ചല്‍ സ്റ്റാര്‍ക്കാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്കുള്ള മറുപടി നായകന്‍ ബെന്‍ സ്റ്റോക്‌സിലൂടെ. ആറ് ഓവറില്‍ 23 വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്. ബാറ്റിങ്ങില്‍ നിറംമങ്ങിയ സ്‌റ്റോക്‌സ് (12 പന്തില്‍ ആറ്) ആ ക്ഷീണം ബൗളിങ്ങില്‍ തീര്‍ത്തെന്ന് ആരാധകര്‍. ഏതെങ്കിലും ഒരു മേഖലയില്‍ ടീമിനു ഇംപാക്ട് ഉണ്ടാക്കുക സ്റ്റോക്‌സിന്റെ പതിവാണെന്നും ക്രിക്കറ്റ് ആരാധകരുടെ കമന്റ്.
ലോകോത്തര ഓള്‍റൗണ്ടറാണ് താനെന്ന് സ്‌റ്റോക്‌സ് ആവര്‍ത്തിക്കുകയാണ്. 7000 + റണ്‍സും 200 + വിക്കറ്റും ഉള്ള താരങ്ങളുടെ പട്ടികയില്‍ ആകെ മൂന്ന് പേരെ ഉള്ളൂ. 13,000 ത്തില്‍ അധികം റണ്‍സും 292 വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസ്, എണ്ണായിരത്തില്‍ അധികം റണ്‍സും 235 വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് അവര്‍ക്കൊപ്പം മൂന്നാമനായി ബെന്‍ സ്റ്റോക്‌സും ! ടെസ്റ്റില്‍ 7000 + റണ്‍സും 235 വിക്കറ്റുകളുമാണ് സ്റ്റോക്‌സിനുള്ളത്.