ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു
3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ തന്റെ ടെസ്റ്റ് കരിയറിലെ ഒരേയൊരു ടെസ്റ്റില്‍ കളിച്ചത്.
ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വ്യാഴാഴ്ച കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തിനുള്ള ടീമിലേക്ക് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടണെ ഉള്‍പ്പെടുത്തി. പരിക്ക് മൂലം ആദ്യ നാല് ടെസ്റ്റിലും കളിക്കാന്‍ ഓവര്‍ട്ടണ് സാധിച്ചിരുന്നില്ല.
3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ തന്റെ ടെസ്റ്റ് കരിയറിലെ ഒരേയൊരു ടെസ്റ്റില്‍ കളിച്ചത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ പരിക്കേറ്റെങ്കിലും പരിക്ക് വകവെയ്ക്കാതെ സ്റ്റോക്‌സ് ഇന്ത്യയ്‌ക്കെതിരെ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു. ഇതോടെയാണ് അവസാന ടെസ്റ്റില്‍ സ്റ്റോക്‌സ് കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ 2 മത്സരങ്ങളില്‍ വിജയിച്ച ഇംഗ്ലണ്ട് നിലവില്‍ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് മത്സരം നടക്കുന്ന ഓവലില്‍ വിജയിച്ചാല്‍ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതിനാല്‍ തന്നെ ബെന്‍ സ്റ്റോക്‌സിന്റെ അസാന്നിധ്യം ഇന്ത്യന്‍ ക്യാമ്പിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.