മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ പകരക്കാരനായി മറ്റൊരാളെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റിട്ടും മത്സരത്തില്‍ ബാറ്റ് ചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം.മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഗംഭീറിന്റെ ഈ നിര്‍ദേശം അസംബന്ധമാണെന്നാണ് ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചത്.പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരനെന്ന രീതി വന്നാല്‍ ടീമുകള്‍ ആ നിയമം ദുരുപയോഗം ചെയ്യുമെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. പരിക്കുകള്‍ മത്സരത്തിന്റെ ഭാഗമാണ്. പ്ലെയിങ് ഇലവനില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്നതിനെ ഞന്‍ പൂര്‍ണമായും അനുകൂലിക്കുന്നു.എന്നാല്‍ മറ്റ് പരിക്കുകള്‍ മൂലം കളിക്കാനാവാത്ത സാഹചര്യത്തില്‍ പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. എംആര്‍ഐ സ്‌കാനില്‍ ഒരു ബൗളറുടെ കാല്‍മുട്ടില്‍ നീരുണ്ടെന്ന് കണ്ടാല്‍ പുതിയ ബൗളറെ കളിക്കാന്‍ അനുവദിക്കുന്നത് ടീമുകള്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നത് പോലെയാണെന്നും സ്റ്റോക്‌സ് പറഞ്ഞു.