ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് പരമ്പരയുടെ നാലാമത്തെ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സമനില ആവശ്യപ്പെട്ട ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ നടപടി വിവാദമായിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ചുറികള്‍ക്കരികെ നില്‍ക്കവെയാണ് മത്സരം അവസാനിപ്പിക്കാനായി ബെന്‍ സ്റ്റോക്‌സ് കൈ കൊടുക്കാനായി എത്തിയത്. ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ ഇതിനെ തള്ളിയെങ്കിലും നിങ്ങള്‍ക്ക് ബെന്‍ ഡെക്കറ്റിനെയും ഹാരി ബ്രൂക്കിനെയും നേരിട്ട് വേണോ സെഞ്ചുറി നേടാന്‍ എന്നിങ്ങനെ സ്റ്റോക്‌സ് പരിഹസിക്കുകയും ചെയ്തിരുന്നു. ബെന്‍ സ്റ്റോക്‌സിന്റെ നിര്‍ദേശം തള്ളിയ ഇന്ത്യ പിന്നീട് ഇരുതാരങ്ങളും സെഞ്ചുറി നേടിയതോടെയാണ് മത്സരത്തില്‍ സമനിലയ്ക്ക് സമ്മതിച്ചത്.
സംഭവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായാണ് ഇംഗ്ലണ്ട് മാധ്യമങ്ങളെല്ലാം രംഗത്ത് വന്നതെങ്കിലും ഇന്ത്യന്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ ജെഫ്രി ബോയ്‌കോട്ട്. ഇന്ത്യന്‍ താരങ്ങള്‍ ശക്തമായ പോരാട്ടമാണ് ഇംഗ്ലണ്ടിനെതിരെ കാഴ്ചവെച്ചതെന്നും സെഞ്ചുറികള്‍ നേടാന്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും അര്‍ഹരാണെന്നും ബോയ്‌കോട്ട് ദ ടെലെഗ്രാഫ് പത്രത്തില്‍ എഴുതിയ കോളത്തില്‍ എഴുതി. 89,80 റണ്‍സില്‍ നില്‍ക്കെ ഇരുവരും മടങ്ങുന്നത് ശരിയായിരുന്നില്ല. അത്രയും നേരം ടീമിനായി അവര്‍ പൊരുതി. ആ സെഞ്ചുറി അവര്‍ അര്‍ഹിക്കുന്നതായിരുന്നു. ബോയ്‌കോട്ട് പറയുന്നു.
അതേസമയം ഇംഗ്ലണ്ട് ബൗളര്‍മാരെ ബോയ്‌കോട്ട് വിമര്‍ശിക്കുകയും ചെയ്തു. അഞ്ചാം ദിവസം ഇന്ത്യന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ കഴിയാതിരുന്നത് ബൗളിങ്ങിലെ ദൗര്‍ബല്യം മൂലമാണെന്നും ബെന്‍ സ്റ്റോക്‌സ് മാത്രമാണ് 2 ഇന്നിങ്ങ്‌സിലും ഇന്ത്യന്‍ ബാറ്റര്‍മാരെ പ്രയാസപ്പെടുത്തിയതെന്നും ബോയ്‌കോട്ട് വിമര്‍ശിച്ചു. എന്നാല്‍ ഒരാളിലേക്ക് മാത്രം ഉത്തരവാദിത്തം കൊടുക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും ബോയ്‌കോട്ട് കോളത്തില്‍ പറയുന്നു.