Publish Date: Sat, 04 Sep 2021 (21:32 IST)
Updated Date: Sat, 04 Sep 2021 (21:35 IST)
താനും സഞ്ജന ഗണേഷനുമായുള്ള അടുപ്പവും വിവാഹവും സിനിമാ കഥ പോലെ രസകരമായിരുന്നെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. സഞ്ജനയുമായുള്ള ആദ്യ കൂടിക്കാഴ്ച അത്ര നല്ല അനുഭവമായിരുന്നില്ല സമ്മാനിച്ചതെന്ന് താരം തുറന്നുപറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സില്‍ ദിനേശ് കാര്‍ത്തിക്കുമായി സംസാരിക്കുമ്പോഴാണ് ബുംറ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
'ഞാന്‍ സഞ്ജനയെ ഒരുപാട് തവണ കണ്ടിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു പ്രശ്‌നമുണ്ടായിരുന്നു. അവള്‍ കരുതി ഞാന്‍ അല്‍പ്പം അഹങ്കാരിയും തന്റേടിയും ആണെന്ന്. എനിക്കും സഞ്ജനയെ കുറിച്ച് ആദ്യം അങ്ങനെയാണ് തോന്നിയത്. പരസ്പരം കാണാറുണ്ടെങ്കിലും ഞങ്ങള്‍ അതുകൊണ്ട് തന്നെ സംസാരിച്ചിരുന്നില്ല. 2019 ലോകകപ്പ് സമയത്താണ് ഞാന്‍ സഞ്ജനയോട് ആദ്യമായി സംസാരിക്കുന്നത്. ഞങ്ങള്‍ വേഗത്തില്‍ സുഹൃത്തുക്കളായി. പരസ്പരം ഒരുപാട് സംസാരിച്ചു. അഞ്ച് മാസമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങള്‍ ഇപ്പോള്‍ വളരെ സന്തുഷ്ടരാണ്,' ബുംറ പറഞ്ഞു.
'ക്രിക്കറ്റിനെ കുറിച്ച് സഞ്ജനയ്ക്ക് നന്നായി അറിയാം. ഒരു കായികതാരം എന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോകുമെന്നും അവള്‍ക്കറിയാം. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമ്പോഴും അല്ലാത്തപ്പോഴും ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. അത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട്,' ബുംറ കൂട്ടിച്ചേര്‍ത്തു.