ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാടകീയ സംഭവങ്ങളില്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂര്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇരു ടീമിന്റെയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള മത്സരങ്ങളിലും കണ്ടതെന്ന് താക്കൂര്‍ പറഞ്ഞു.
ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ജസ്പ്രീത് ബുംറയെ പരിഹസിച്ചു. ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് താക്കൂര്‍ വെളിപ്പെടുത്തി.
'ഞങ്ങള്‍ ആന്‍ഡേഴ്‌സണെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്‍സറുകള്‍ എറിയാന്‍ തീരുമാനിച്ചിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യമാണ് ബുംറയ്‌ക്കെതിരെ ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്. ബുംറയെ ആന്‍ഡേഴ്‌സണ്‍ പരിഹസിച്ചു. ആന്‍ഡേഴ്‌സണ്‍ ബുംറയോട് പറഞ്ഞ വാക്കുകള്‍ പുറത്തുപറയാന്‍ കൊള്ളില്ല. ഈ സംഭവത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും കൂടുതല്‍ അഗ്രസീവ് ആയത്. ഞങ്ങള്‍ വിദേശത്ത് പോകുമ്പോള്‍ ഞങ്ങളുടെ വാലറ്റത്തിനെതിരെ എതിരാളികള്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും അധികം ബാറ്റ് ചെയ്ത് പരിചയമില്ലാത്ത നടരാജനെതിരെ ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞത് ഓര്‍മയില്ലേ? മറ്റ് ടീമുകളുടെ വാലറ്റക്കാര്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്കും ബൗണ്‍സര്‍ എറിഞ്ഞുകൂടെ? ആരെയും പ്രീണിപ്പിക്കാനല്ല ഞങ്ങളും കളിക്കുന്നത്,' താക്കൂര്‍ പറഞ്ഞു.