ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്രയും സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണും സെഞ്ചുറിയുമായി നിറഞ്ഞാടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സ് ആഞ്ഞടിച്ചതോടെ 363 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ ഉയര്‍ത്തിയത്.
ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മത്സരത്തിലെ എട്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വില്‍ യങ്ങിനെ നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്ന് ചേര്‍ന്ന വില്യംസണ്‍- രചിന്‍ രവീന്ദ്ര കൂട്ടുക്കെട്ട് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. സെഞ്ചുറി നേടിയ ശേഷമാണ് ഇരുതാരങ്ങളും പുറത്തായത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സും കെയ്ന്‍ വില്യംസണ്‍ 94 പന്തില്‍ 102 റണ്‍സും നേടിയാണ് പുറത്തായത്.
ശേഷമെത്തിയ ഡാരില്‍ മിച്ചല്‍ 37 പന്തില്‍ 49 റണ്‍സുമായും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സ് 27 പന്തില്‍ 49റണ്‍സുമായും തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 362 റണ്‍സിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി, മൂന്നും കഗിസോ റബാദ 2 വിക്കറ്റും വിയാം മുള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.