അഫ്ഗാനിസ്ഥാന് വനിതാ ക്രിക്കറ്റ് ടീമിനെ മത്സരരംഗത്തേക്ക് ഇറക്കാന്‍ ഒരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജനുവരി 30ന് വനിതാ ആഷസ് ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന പ്രദര്‍ശനത്തിലാണ് അഫ്ഗാന്‍ വനിതാ ഇലവനും ക്രിക്കറ്റ് വിതൗട്ട് ബോര്‍ഡേഴ്‌സ് ഇലവനും തമ്മില്‍ ഏറ്റുമുട്ടുന്നത്. മെല്‍ബണിലെ ജംഗ്ഷന്‍ ഓവലിലാണ് മത്സരം. അഫ്ഗാന്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ആദ്യപടിയായാണ് നീക്കമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് നിക് ഹോക്ലി പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനില്‍ 2021ല്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും അഫ്ഗാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളായ നാഹിദ സപന്‍, ഫിറൂസ്സ അമീറി എന്നിവര്‍ ഓസ്‌ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐസിസിയില്‍ ഔദ്യോഗികമായി അംഗമായിട്ടുള്ള രാജ്യങ്ങള്‍ക്ക് പുരുഷ- വനിതാ ടീമുകള്‍ വേണമെന്ന് വാദിക്കുന്നവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. താലിബാന്‍ ഭരണത്തിലേറിയതിനെ തുടര്‍ന്ന് വനിതാ ടീമിനെ പിരിച്ചുവിട്ട സാഹചര്യത്തില്‍ അഫ്ഗാനെതിരായ ബൈലാറ്ററല്‍ സീരീസുകളില്‍ നിന്നും ഓസ്‌ട്രേലിയ പിന്‍വാങ്ങിയിരുന്നു.