ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ അഞ്ച് വിക്കറ്റുകളുമായി തിളങ്ങി ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തി. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. മത്സരത്തില്‍ നിര്‍ണായകമായ ജോസ് ബട്ട്ലര്‍- ബെന്‍ ഡക്കറ്റ് കൂട്ടുക്കെട്ട് തകര്‍ത്തത് വരുണായിരുന്നു. തുടര്‍ന്ന് ജാമി സ്മിത്ത്, ജാമി ഓവര്ട്ടണ്, ബ്രെന്‍ഡന്‍ ചെയ്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് നിരയില്‍ 28 പന്തില്‍ 51 റണ്‍സുമായി ബെന്‍ ഡെക്കറ്റും 24 പന്തില്‍ 43 റണ്‍സുമായി ലിയാം ലിവിങ്ങ്സ്റ്റണുമാണ് തിളങ്ങിയത്. ആദ്യ വിക്കറ്റ് വെറും 7 റണ്‍സിന് നഷ്ടമായെങ്കിലും ബട്ട്ലറും ഡെക്കറ്റും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് അപകടകരമായി മുന്നേറിയപ്പോള്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ബട്ട്ലര്‍ക്ക് പിന്നാലെ ബെന്‍ ഡെക്കറ്റും വീണതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച വേഗത്തിലായി. ഇതോടെ 20 ഓവറില്‍ 171 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.