ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസീസ് വിജയം നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് അഭിഷേക് ശര്‍മ നടത്തിയത്. നാലാം ഓവറില്‍ അഭിഷേക് മടങ്ങുമ്പൊള്‍ 16 പന്തില്‍ 25 റണ്‍സാണ് താരം നേടിയത്. പിന്നീട് ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തിയെങ്കിലും ഇരുവരും കൂടാരം കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഗില്‍ 15 റണ്‍സും സൂര്യകുമാര്‍ 24 റണ്‍സുമെടുത്ത് മടങ്ങി.തിലക് വര്‍മ 28 റണ്‍സെടുത്ത് പുറത്തായെങ്കിലും 23 പന്തില്‍ 49 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ജിതേഷ് ശര്‍മ 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി നഥാന്‍ എല്ലിസ് 3 വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ടിം ഡേവിഡിന്റെയും മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെയും വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിലാണ് 187 റണ്‍സിലെത്തിയത്. ടിം ഡേവിഡ് 38 പന്തില്‍ 74 റണ്‍സും സ്റ്റോയ്‌നിസ് 39 പന്തില്‍ 64 റണ്‍സും നേടി. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ് 3 വിക്കറ്റുകളെടുത്തു.