അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റ്സ്മാൻ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും അനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണി. ഇപ്പോളിതാ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഐപിഎല്ലിലും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം.
വാംഖഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഓയിൻ മോർഗനെ പുറത്താക്കി ഐപിഎല്ലില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. മത്സരത്തിൽ മോർഗന് പുറമെ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ ക്യാച്ചുകളും സ്വന്തമായിരുന്നു. ഐപിഎല്‍ കരിയറിലാകെ 201 ഇന്നിഗ്സിൽ നിന്നും 151 പേരെയാണ് ധോണി പുറത്താക്കിയത്. ഇതിൽ 112 ക്യാച്ചും 39 സ്റ്റമ്പിങും ഉൾപ്പെടുന്നു.
183 ഇന്നിംഗ്‌സുകളില്‍ 143 പേരെ പുറത്താക്കിയ കൊൽക്കത്തയുടെ ദിനേശ് കാർത്തിക്കാണ് ധോണിക്ക് പിന്നിൽ രണ്ടാമതായുള്ളത്. 114 ഇന്നിംഗ്‌സുകളില്‍ 90 പേരെ പുറത്താക്കിയ റോബിന്‍ ഉത്തപ്പയാണ് പട്ടികയിൽ മൂന്നാമത്.