ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും പരാജയസാധ്യത വന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. പരമ്പര കൈവിടുകയാണെങ്കില്‍ ചരിത്രത്തിലാദ്യമായി പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ മണ്ണില്‍ 2 പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ആളെന്ന നാണക്കേടാണ് ഗംഭീറിനെ കാത്തിരിക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ പ്രകടനത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ.
സംസാരം നിര്‍ത്തി ഇന്ത്യ ടീമെന്ന നിലയില്‍ എന്തെങ്കിലും ചെയ്ത് കാണിക്കേണ്ട സമയമാണിതെന്ന് കുംബ്ലെ പറയുന്നു. ജയിക്കാനായില്ലെങ്കില്‍ ഒന്ന് പൊരുതാനാണെങ്കിലും തയ്യാറാവണം. നിങ്ങള്‍ പലതും പറഞ്ഞിരിക്കാം. അതെല്ലാം ചെയ്ത് കാണിക്കേണ്ട സമയമാണിത്. കുംബ്ലെ പറഞ്ഞു. അതേസമയം നാലാം ദിനം വാമപ്പിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളോട് ഏറെ ഗൗരവകരമായാണ് പരിശീലകനായ ഗംഭീര്‍ സംസാരിച്ചത്. നാലാം ദിവസം കളത്തിലിറങ്ങും മുന്‍പ് കര്‍ശന നിര്‍ദേശങ്ങളാണ് ഗംഭീര്‍ താരങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.