ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ അനില്‍ കുംബ്ലെ. സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നതെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു.
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയതിന് ശേഷം ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ഏകദിന കരിയറില്‍ ഉടനീളം മധ്യനിരയില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയിട്ടുള്ളതെന്നും കുംബ്ലെ പറഞ്ഞു. ബാറ്റിംഗ് പൊസിഷനില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം സഞ്ജുവിന്റെ ടി20 പ്രകടനങ്ങളില്‍ ഇടിവ് വന്നെങ്കിലും 50 ഓവര്‍ ഫോര്‍മാറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളെ മറക്കരുതെന്നും വ്യത്യസ്ത ഫോര്‍മാറ്റുകളിലെ പ്രകടനങ്ങളെ കൂട്ടിക്കുഴച്ച് ടീം തിരെഞ്ഞെടുക്കുന്നത് തെറ്റാണെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.