Gautam Gambhir: 'ഇനിയും നാണംകെടുത്താതെ ഇറങ്ങിപ്പോകൂ'; ഗംഭീറിനെതിരെ ആരാധകര്‍
സ്വന്തം നാട്ടില്‍ ഇന്ത്യ ഇത്രയും നാണംകെട്ട് മുന്‍പൊന്നും നിന്നിട്ടില്ല
Gautam Gambhir: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പ്രതിരോധത്തില്‍ ആയിരിക്കെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആരാധകര്‍. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ചൊരു ടീമിനെ പരീക്ഷണങ്ങള്‍ കൊണ്ട് ഇല്ലാതാക്കുകയാണ് ഗംഭീര്‍ ചെയ്യുന്നതെന്നും എത്രയും വേഗം ഈ ഉത്തരവാദിത്തം ഒഴിയണമെന്നുമാണ് ആരാധകരുടെ ആവശ്യം.
സ്വന്തം നാട്ടില്‍ ഇന്ത്യ ഇത്രയും നാണംകെട്ട് മുന്‍പൊന്നും നിന്നിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഗുവാഹത്തിയില്‍ കൂടി തോറ്റാല്‍ ഐസിസി ടെസ്റ്റം ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുക ദുഷ്‌കരം. നാട്ടില്‍വെച്ച് ന്യൂസിലന്‍ഡിനോടു 3-0 ത്തിനു തോറ്റതാണ് ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും വലിയ പരമ്പര തോല്‍വി. അതിനു ശേഷം താരതമ്യേന ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിനെ 2-0 ത്തിനു തോല്‍പ്പിച്ചത് ചെറിയൊരു ആശ്വാസമായെന്നു മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയോടെ നാട്ടില്‍ വെച്ച് നടന്ന അവസാന ആറ് ടെസ്റ്റുകളില്‍ നാലിലും തോറ്റ ടീമായി ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് ഇംഗ്ലണ്ടില്‍ വെച്ച് 87 റണ്‍സ് നേടിയ താരമാണ് സായ് സുദര്‍ശന്‍. മൂന്നാം നമ്പറില്‍ തിളങ്ങിയ സായ് സുദര്‍ശനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ താരം പ്ലേയിങ് ഇലവനില്‍ പോലും ഉണ്ടായിരുന്നില്ല. വാഷിങ്ടണ്‍ സുന്ദറെ വെച്ചുള്ള ഗംഭീറിന്റെ പരീക്ഷണമാണ് അടുത്തത്. മൂന്നാം നമ്പറില്‍ സുന്ദറിനെ വെച്ച് കൊല്‍ക്കത്തയില്‍ പരീക്ഷണം നടത്തി. ഈ ടെസ്റ്റില്‍ സുന്ദര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ സുന്ദറിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി. ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.