India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം
നാലാം ദിനത്തില്‍ 500+ ലീഡ് സ്വന്തമാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കണക്ക് കൂട്ടലിലാണ് ദക്ഷിണാഫ്രിക്ക
കൊല്‍ക്കത്ത ടെസ്റ്റിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഗുവാഹത്തി ടെസ്റ്റിലും പരാജയം മുന്നില്‍ കാണുകയാണ് ഇന്ത്യ. ആദ്യ ഇന്നിങ്ങ്‌സില്‍ 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് നേടിയെങ്കിലും റിസ്‌ക് എടുക്കാതെ മികച്ച ലീഡ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചത്. നാലാം ദിനത്തില്‍ 500+ ലീഡ് സ്വന്തമാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കണക്ക് കൂട്ടലിലാണ് ദക്ഷിണാഫ്രിക്ക.
നിലവില്‍ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കണമെങ്കില്‍ ഗുവാഹത്തി ടെസ്റ്റില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ അത്ഭുതങ്ങള്‍ നടക്കിലെന്ന് ഉറപ്പിക്കാനായി വമ്പന്‍ വിജയലക്ഷ്യം നല്‍കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും ഗുവാഹത്തിയിലും വിജയം സ്വന്തമാക്കാനുമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. കളി സമനിലയിലായാല്‍ പോലും 1-0ത്തിന് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. നിലവിലെ അവസ്ഥയില്‍ സമനില പോലും ഇന്ത്യയ്ക്ക് വിദൂരസാധ്യതയാണ്.
ഗുവാത്തിയില്‍ വിജയിക്കാനായാല്‍ പരമ്പര തൂത്തുവാരാമെന്ന ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയില്‍ ഇതിന് മുന്‍പ് 2 ടീമുകള്‍ മാത്രമാണ് രണ്ടോ അതില്‍ കൂടുതലോ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. ഗംഭീര്‍ പരിശീലകനായ ശേഷം ന്യൂസിലന്‍ഡിനോട് ഇന്ത്യ 3-0ത്തിന് സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതിന് മുന്‍പ് 1998ല്‍ ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക 2-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ വിജയിക്കാനായാല്‍ ഇന്ത്യയില്‍ 2 തവണ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഒരേയൊരു ടീമെന്ന നേട്ടം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാകും.
അതേസമയം ഗുവാഹത്തിയില്‍ പരാജയപ്പെടുന്നതോടെ ഇന്ത്യയില്‍ 2 ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗംഭീറിന്റെ പേരിലാകും. ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകളെയും ഗുവാഹത്തിയിലെ പരാജയം ബാധിക്കും.